തിരുമല അനിലിന്‍റെയും ആനന്ദ് തമ്പിയുടെയും ജീവനൊടുക്കല്‍, മുന്‍സംസ്ഥാന വക്താവ് എം.എസ്. കുമാറിന്‍റെ തുറന്നുപറച്ചില്‍ എന്നിവ ഏല്‍പ്പിച്ച കെടുതിയില്‍ നിന്ന് കരകയറാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ ഇടപെടല്‍. കഴിഞ്ഞദിവസം ആനന്ദിന്‍റെ വീട്ടിലെത്തിയ രാജീവ്, ഇന്ന് എം.എസ്.കുമാറിനെയും നേരിട്ട് കണ്ടു. തിരുവനന്തപുരം കോര്‍പറേഷനിലെ പ്രചാരണത്തിന്‍റെ ചുതമലയും അദ്ദേഹം നേരിട്ട് ഏറ്റെടുത്തു
ഈമാസം ഏഴിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞതാണിത്. തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ ബി.ജെ.പി നേതാക്കളുടെ വായ്പാതിരിച്ചടവ് മുടങ്ങിയതിനെക്കുറിച്ച് ബാങ്ക് പ്രസിഡന്‍റുകൂടിയായ എം.എസ്. കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതിനെക്കുറിച്ചായിരുന്നു ചോദ്യം. എം.എസ്. കുമാര്‍ അന്നുതന്നെ പരിഹാസത്തോടെയാണ് മറുപടിയും പറഞ്ഞിരുന്നു.തിരുമല അനിലിന്‍റെ അതേമാനസികാവസ്ഥയിലുടെയാണ് താന്‍ കടന്നുപോകുന്നതെന്നും വായ്പാ തിരച്ചടവ് മുടക്കിയ നേതാക്കളുടെ പേരുകള്‍ പരസ്യമാക്കുമെന്നും എം.എസ്. കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ ഇടപെടല്‍. രാവിലെ അദ്ദേഹം എം.എസ് കുമാറിന്‍റെ വീട്ടിലെത്തി.
ബി.ജെ.പി കൗണ്‍സിലല്‍ തിരുമല അനിലിന് പിന്നാലെ പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പിയുടെ സ്വയംവിടവാങ്ങലും ബി.ജെ.പിക്ക് തിരിച്ചടിയായി. മണല്‍മാഫിയയുമായി ബി.ജെ.പി–ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് ആനന്ദിന്‍റെ കുറിപ്പിലെ ആരോപണം. കോണ്‍ഗ്രസും സിപിഎമ്മും വലിയതോതില്‍ ഈ സംഭവങ്ങള്‍ പ്രചാരണായുധമാക്കിയതോടെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ പ്രചാരണം രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് ഏറ്റെടുത്തത്. ഇന്നലെ ആനന്ദിന്‍റെ വീട്ടിലും അദ്ദേഹം പോയിരുന്നു.