ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. ബെംഗളൂരുവിലെ കോറമംഗലയിലാണ് സംഭവം. ഊബര്‍ ബുക്ക് ചെയ്ത യുവതിയെ ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് എത്തിക്കാന്‍ ഡ്രൈവര്‍ കൂട്ടാക്കിയിരുന്നില്ല. തെരുവുനായ ശല്യം ഉണ്ടെന്നും ബുക്ക് ചെയ്ത ലൊക്കേഷനില്‍ തന്നെ എത്തിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്രൈവര്‍ പാതിവഴിയില്‍ ഇറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു.
കാർ പോകുന്ന സ്ഥലമായിട്ടും വാഹനം തിരിക്കാൻ സ്ഥലമില്ലെന്നായിരുന്നു ഡ്രൈവറുടെ വാദം. ഓട്ടോയില്‍ നിന്ന് ഇറങ്ങാന്‍ തയാറാകാതിരുന്ന യുവതിയോട് മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോട് പരാതി പറഞ്ഞാലും പ്രശ്നമില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവർ യുവതി ഇറങ്ങില്ലെന്ന് മനസിലായപ്പോള്‍ യുവതിയെ ഇറക്കാതെ ഓട്ടോയുമായി തിരികെ പോകാനും ശ്രമിച്ചു. KA 41 C 2777 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അതിക്രമം കാണിച്ചത്.
നടന്ന സംഭവത്തിന്‍റെ വിഡിയോ യുവതി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. യൂബറിന് പരാതി നൽകുമെന്നും യുവതി അറിയിച്ചു. ബെംഗളൂരുവില്‍ സ്ഥിരമായി ഓട്ടോക്കാര്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്, തനിക്ക് ഇതിന് മുന്‍പും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമായതിനാലാണ് 30 രൂപ കൊടുത്ത് ബസിന് വരേണ്ടതിന് പകരം 300 രൂപ കൊടുത്ത് ഓട്ടോയ്ക്ക് വന്നതെന്നും യുവതി പറയുന്നു.