അസം ഗായകൻ സുബിൻ ഗാർഗിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം നോട്ടീസ് നൽകിയ സിംഗപൂരിൽ ഉള്ളവരെല്ലാം ഉടൻ സംസ്ഥാനത്ത് എത്തണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരാഴ്ചയ്ക്കകം ആന്തരികാവയവ പരിശോധനയുടെ ഫലം ലഭിക്കുമെന്നും വിഷം നൽകിയാണ് കൊലപ്പെടുത്തിയതെന്ന ആരോപണം പരിശോധിച്ച് വരികയാണെന്നും ഹിമന്ത കൂട്ടിച്ചേർത്തു. ആരോപണം ശരിയെങ്കിൽ കുറ്റക്കാർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കണം എന്ന് സുബീന്റെ ഭാര്യ ഗരിമ സൈകിയ ആവശ്യപ്പെട്ടു.
മുന്നോട്ട് പോകും തോറും സുബിന്‍ ഗാര്‍ഗിന്റെ മരണത്തിലെ ദുരൂഹത ഏറുകയാണ്. സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനും ബാൻഡ് മാനേജറും വിഷം നൽകിയാണ് സൂബിനെ കൊലപ്പെടുത്തിയത് എന്ന അറസ്റ്റിലായ ബാൻഡ് അംഗം ശേഖർ ജ്യോതിയുടെ വെളിപ്പെടുത്തൽ അസമിലുണ്ടാക്കിയ പ്രതിഷേധം ചില്ലറയല്ല. ഈ സാഹചര്യത്തിലാണ് സത്യം പുറത്ത് കൊണ്ടുവരുമെന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഉറപ്പ്. അതിന് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണം. പ്രത്യേക അന്വേഷണസംഘം നോട്ടീസ് നൽകിയ സിംഗപൂരിൽ ഉള്ളവര്‍ എത്താതെ ഇത് സാധ്യമാകില്ല. അതിനാല്‍ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവർക്കെതിരെ സിംഗപ്പൂരിലെ അസം സമൂഹം സമ്മർദ്ദം ചെലുത്തണമെന്നാണ് ഹിമന്തയുടെ നിര്‍ദേശം .ഒരാഴ്ചയ്ക്കകം ആന്തരികാവയവ പരിശോധനയുടെ ഫലം ലഭിക്കും. വെളിപ്പെടുത്തല്‍ സത്യമാണോ, സ്വരക്ഷക്കാണോ, മറ്റുള്ളവരെ കേസില്‍ പെടുത്താനാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഹിമന്ത പ്രതികരിച്ചു.
വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്നും ശരിയെങ്കിൽ കുറ്റക്കാർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കണം എന്നും സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ സൈകിയ ആവശ്യപ്പെട്ടു. മുങ്ങിമരണമെന്ന് രേഖപ്പെടുത്തിയ സിംഗപ്പൂരിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുടുംബം അന്വേഷണ സംഘത്തിന് കൈമാറി. രണ്ടാം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അസ്സം പൊലീസ് കുടുംബത്തിന് നല്‍കിയിട്ടുണ്ട്.