Image Credit:x/SupriyaShrinate
രാജ്യത്ത് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുമാറ് വിഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച് ബിജെപി. അസം ബിജെപിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ മുസ്ലിംകളെന്ന് തോന്നിപ്പിക്കുന്ന വേഷവിധാനങ്ങളോട് കൂടിയ രണ്ടുപേരെ പോയിന്‍റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിയുതിര്‍ക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. കോണ്‍ഗ്രസും തൃണമൂലും ഉള്‍പ്പടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ വിഡിയോ ഡിലീറ്റ് ചെയ്തു.
പോയിന്‍റ് ബ്ലാങ്ക് ഷോട്ട് എന്ന കാപ്ഷനോടെയാണ് വിഡിയോ അസം ബിജെപി പങ്കുവച്ചത്. ഹിമന്ത ബിസ്വ ശര്‍മയാണ് തോക്കുമായി ഉന്നം പിടിച്ച് നിന്നത്. തലയില്‍ തൊപ്പി വച്ചും താടിയുള്ളവരുമായ രണ്ടുപേര്‍ക്ക് നേരെയാണ് ഉന്നംപിടിക്കുന്നതായി വിഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ക്കൊപ്പം 'വിദേശ മുക്ത അസം' എന്നും 'ദയ കാട്ടില്ല' എന്നും തുടങ്ങി വര്‍ഗീയ ആശയങ്ങളുള്ള നിരവധി വാക്കുകള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വിഡിയോയിലെ ചില ഫ്രെയിമുകളില്‍ ഹോളിവുഡ് സിനിമകളിലെ വീരനെപ്പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം അസം ഭാഷയിലെ കാപ്ഷനുകളില്‍ ' പാക്കിസ്ഥാനിലേക്ക് പോകാത്തത് എന്തേ?' എന്നും 'ബംഗ്ലദേശികള്‍ക്ക് മാപ്പില്ലെ'ന്നും എഴുതിക്കാണിക്കുന്നുണ്ട്. അസമിലെ ബംഗാളി വംശജരായ മുസ്ലിംകള്ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം നിലനില്‍ക്കെയാണ് അസം മുഖ്യമന്ത്രിയുടേതായി ഇത്തരമൊരു വിഡിയോ പ്രത്യക്ഷപ്പെട്ടതെന്നത് ഗൗരവതരമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
'ന്യൂനപക്ഷങ്ങളെ പോയിന്‍റ് ബ്ലാങ്കില്‍ കൊല ചെയ്യാമെന്നതിനെ മഹത്വവല്‍ക്കരിക്കുന്ന വിഡിയോ'യാണ് അസമിലെ ബിജെപി ഔദ്യോഗികമായി പങ്കുവയ്ക്കുന്നത്. ഇത് വംശഹത്യയ്ക്കും കലാപത്തിനുമുള്ള ആഹ്വാനമാണെന്ന്'- എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം. നീതിന്യായ സംവിധാനങ്ങള്‍ അടിയന്തരമായി ഇടപെടണമെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് അസം എക്സിലൂടെ തുറന്നടിച്ചു.
സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി തന്നെ വിഷം തുപ്പുകയാണെന്നായിരുന്നു വിവാദ വിഡിയോയോട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ പ്രതികരണം. രാജ്യത്തെ കോടതികള്‍ ഉറങ്ങുകയാണോയെന്നും വിഡിയോ ഡിലീറ്റ് ചെയ്തത് കൊണ്ട് പരിഹാരമാകുന്നില്ലല്ലോയെന്നും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനട്ടെയും വിമര്‍ശിച്ചു.
യുഎപിഎ ചുമത്താവുന്ന കുറ്റമാണ് ബിജെപി അസം ചെയ്തിരിക്കുന്നതെന്നും ഡിലീറ്റ് ചെയ്തത് കൊണ്ട് രക്ഷപെടാമെന്ന് കരുതേണ്ടെന്നും തൃണമൂല്‍ എംപി സാഗരിക ഘോഷും ട്വീറ്റ് ചെയ്തു. ഒന്നിലേറെ വകുപ്പുകള്‍ ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്താന്‍ കഴിയുന്ന കുറ്റമാണിതെന്നും അവര്‍ എക്സില്‍ കുറിച്ചു.