.
ദുർഗാപൂജ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ അക്രമങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിൽ ഒഡീഷയിലെ കട്ടക്ക് മുനിസിപ്പൽ കോർപ്പറേഷൻ, കട്ടക്ക് ഡെവലപ്‌മെന്‍റ് അതോറിറ്റി (സിഡിഎ), അതിനോട് ചേർന്നുള്ള 42 മൗസ മേഖല എന്നിവിടങ്ങളിൽ ഒഡീഷ സർക്കാർ ഇന്‍റര്‍നെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഞായറാഴ്ച വൈകുന്നേരം 7 മുതൽ തിങ്കളാഴ്ച രാത്രി 7 വരെയാണ് നിരോധനം. വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവ ഈ കാലയളവിൽ ബ്ലോക്ക് ചെയ്‌തിരിക്കും. ദർഗ ബസാർ, ഗൗരിശങ്കർ പാർക്ക്, ബിദ്യാധർപൂർ എന്നിവയുൾപ്പെടെയുള്ള അതീവജാഗ്രതാ പ്രദേശങ്ങളിൽ പോലീസ് സാന്നിധ്യം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നിയമപാലകരെ സഹായിക്കാൻ കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പാണ് ദുർഗാപൂജ വിഗ്രഹ നിമജ്ജനത്തിനിടെ കട്ടക്കില്‍ അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പൊലീസും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച്, ശനിയാഴ്ച പുലർച്ചെ 1:30 നും 2 നും ഇടയിൽ ഒരു ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്ര ദർഘാ ബസാറിനടുത്തുള്ള കഥാജോഡി നദിയുടെ തീരത്തേക്ക് പോകുന്നതിനിടെയാണ് സംഘർഷം. ഘോഷയാത്രയിലെ അംഗങ്ങൾ തിരിച്ചടിച്ചതോടെ മേൽക്കൂരയിൽ നിന്ന് കല്ലുകളും ഗ്ലാസ് കുപ്പികളും എറിഞ്ഞു. കട്ടക്കിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഖിലാരി ഋഷികേശ് ദ്യാൻഡിയോ ഉൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാൻ അധികൃതർ സിസിടിവി, ഡ്രോൺ, മൊബൈൽ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്.
ക്രമസമാധാന നില അവലോകനം ചെയ്യുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) വൈ ബി ഖുറാനിയ മുതിർന്ന ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു. മുഖ്യമന്ത്രി മജ്‌ഹിക്ക് പതിവായി അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ശനിയാഴ്ച അക്രമത്തെത്തുടർന്ന് ഏകദേശം മൂന്ന് മണിക്കൂറോളം നിമജ്ജന പ്രവർത്തനങ്ങൾ നിർത്തിവച്ച. തുടര്‍ന്ന്, കനത്ത പോലീസ് സുരക്ഷയിൽ പുനരാരംഭിക്കുകയും ഞായറാഴ്ച രാവിലെ 9:30 ഓടെ സമാപിക്കുകയും ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, 120 വിഗ്രഹങ്ങൾ കൂടുതൽ അനിഷ്ട സംഭവങ്ങളില്ലാതെ നിമജ്ജനം ചെയ്തു. പൊതു സമ്മേളനങ്ങൾ തടയുന്നതിനായി CrPC യുടെ സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി. നഗരത്തിലെ ദുർബലമായ സ്ഥലങ്ങളിൽ കൂടുതൽ സേന നിലയുറപ്പിച്ചിട്ടുണ്ട്. സമാധാനപരമായ വിഗ്രഹ നിമജ്ജനം ഉറപ്പാക്കുന്നതിൽ ഭരണപരമായ പരാജയം ആരോപിച്ച് വിഎച്ച്പി തിങ്കളാഴ്ച കട്ടക്കിൽ 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.