TOPICS COVERED

മോഡലിങ് റിഹേഴ്​സലിനിടെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടന. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് ഫാഷന്‍ ഷോയുടെ പരിശീലനത്തിനിടെ രാഷ്​ട്രീയ ഹിന്ദു ശക്തി സംഘടനിലെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ദീപാവലി മേളയുടെ ഭാഗമായി ലയണ്‍സ് ക്ലബ് ഋഷികേശ് റോയലാണ് പരിപാടി സംഘടിപ്പിച്ചത്. 

ഇതിനിടയ്​ക്കാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയത്. രാഷ്ട്രീയ ഹിന്ദു ശക്തി സംഘടന്‍ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാനഗറിന്റെ നേതൃത്വത്തിലുള്ള ചില അംഗങ്ങളാണ് പരിശീലനം നടക്കുന്ന ഹോട്ടലിലേക്ക് എത്തിയത്. പാശ്ചാത്യ വസ്ത്രം ധരിച്ചുള്ള റാംപ് വാക്ക് ഋഷികേശിന്റെ സ്വത്വത്തിനും സനാതന മൂല്യങ്ങൾക്കും എതിരാണെന്ന് ഭട്ടാനഗർ പറഞ്ഞു. "സനാതന ധർമ്മം സ്ത്രീകളെ മാന്യമായി വസ്ത്രം ധരിക്കാൻ പഠിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തും," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹോട്ടൽ ഉടമയുടെ മകൻ അക്ഷത് ഗോയൽ പ്രതിഷേധക്കാരുമായി തർക്കിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. സംഘർഷഭരിതമായ സാഹചര്യത്തെ നാട്ടുകാർ ഇടപെട്ടാണ് ശാന്തമാക്കിയത്. മോഡലുകളിലൊരാള്‍ ഭട്ടാനഗറുമായി തര്‍ക്കിക്കുന്ന വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

അവസരങ്ങൾ തേടാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും മിസ് ഋഷികേശ് ഷോ  നടത്തുന്നതെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് പങ്കജ് ചാന്ദാനി വ്യക്തമാക്കി. ആരുടെയും മതപരമോ സാംസ്കാരികമോ ആയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയല്ല ഞങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധമുണ്ടായെങ്കിലും തീരുമാനിക്കപ്പെട്ടതുപോലെ തന്നെ ഫാഷന്‍ ഷോ നടന്നു.

ENGLISH SUMMARY:

Fashion show protest occurred in Rishikesh during a modeling rehearsal. A Hindu organization protested against the fashion show, claiming it was against Sanatana Dharma and Rishikesh's cultural values.