ഗായകന്‍ സുബീന്‍ ഗാര്‍ഗ്, സംഘാടകന്‍ ശ്യാംകാനു മഹന്ത, ബാൻഡ് മാനേജർ സിദ്ധാർഥ് ശർമ്മ
ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി. സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ബാൻഡ് മാനേജർ സിദ്ധാർഥ് ശർമ്മയും വിഷം നൽകിയാണ് സുബിനെ കൊലപ്പെടുത്തിയത് എന്നാണ് വെളിപ്പെടുത്തൽ. കുറ്റകൃത്യം മറച്ചുവെക്കാൻ സിംഗപ്പൂർ തിരഞ്ഞെടുത്തുവെന്നും ശേഖർ പറയുന്നു. പോലീസ് ചോദ്യം ചെയ്യലിനിടയിലാണ് ശേഖർ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ശേഖർ ജ്യോതി നിലവിൽ അസം പോലീസിന്‍റെ കസ്റ്റഡിയിലാണ്. ഇവന്‍റ് മാനേജർ ശ്യാംകാനു മഹന്തക്കെതിരേ അന്വേഷണം വേണമെന്ന് സുബിന്‍റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇയാൾക്കെതിരായുള്ള അനധികൃത സ്വത്തുസമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിയായതുമായി ബന്ധപ്പെട്ട കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സുബിന്‍ ഗാര്‍ഗിന്‍റെ മരണം ഗുവാഹത്തി ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. ജസ്റ്റിസ് സൗമിത്ര സൈകിയയാണ് അധ്യക്ഷന്‍. സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരമാണ് നടപടി.
38,000 ഗാനങ്ങൾ ആലപിച്ച സുബീൻ, കഴിഞ്ഞ 19നു സിംഗപ്പൂരിൽ കടലിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിലാണു മരിച്ചത്. 3 ദിവസങ്ങളിലായി ലക്ഷക്കണക്കിനാളുകളാണു സുബീന് അന്ത്യാഞ്ജലി അർപ്പിച്ചു വിലാപയാത്രയിലും മറ്റും പങ്കെടുത്തത്. ആളെണ്ണത്തിൽ, ലോകം കണ്ട നാലാമത്തെ വിലാപയാത്രയായി ഇത് ലിംകബുക്കിൽ ഇടംപിടിച്ചിരുന്നു.