തമിഴകത്തെ തീരാക്കണ്ണീരിലാഴ്ത്തിയ കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുകയാണ് . ഇതില്‍ ടിവികെയുടെ ആരോപണശരങ്ങളത്രയും ചെന്നു തറയ്ക്കുന്നത് സെന്തില്‍ ബാലാജി എന്ന ഒറ്റപ്പേരിലേക്കാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങിയതിനൊപ്പം കരൂരില്‍ സര്‍ക്കാരിന്‍റെ മുഖമായി മാറിയതും സെന്തില്‍ ബാലാജി തന്നെ. വിജയ്ക്കെതിരെ കരുനീക്കം നടത്താന്‍ മാത്രം ആരാണ് സെന്തില്‍ ബാലാജി. തമിഴ്നാട് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്‍റെ റോള്‍ എന്താണ്?
സെന്തിലെന്നാല്‍ കരൂരാണ്, കരൂരെന്നാല്‍ സെന്തിലും വോട്ട് ബാങ്കിനുമപ്പുറം ആ പേരിനുപിന്നിലെ കരുത്തും കരൂര്‍ തന്നെ . മുന്നണികള്‍ മൂന്ന് മാറിയിട്ടും സെന്തിലെന്ന വന്‍മരത്തിന്‍റെ ശിഖരം പോലും കരൂരില്‍ നിന്ന് വെട്ടിമാറ്റാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. കരൂരിലെ സാധാരണ കർഷക കുടുംബത്തിൽ ജനനം. പഞ്ചായത്ത് അംഗത്തിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം. 3 പാർട്ടികളുടെ ഉമ്മറത്ത് ഈ കാലയളവില്‍ സെന്തില്‍ പ്രധാന റോളില്‍ കസേരയിട്ടിരുന്നു. ഇതിനിടെ നാലുവട്ടം നിയമസഭയിലുമെത്തി. അയാളുടെ ചാണക്യതന്ത്രങ്ങള്‍ ആലേഖനം ചെയ്തതായിരുന്നു ആ വിജയങ്ങളെല്ലാം.
22-ാം വയസിൽ പഞ്ചായത്ത് അംഗമായാണ് സെന്തില്‍ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. അന്ന് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ നേതാവായിരുന്നു. 2006ല്‍ കരൂരില്‍ നിന്ന് നിയമസഭയിലെത്തി. ജയലളിതയുടെ വിശ്വസ്തന്‍. ജയയ്ക്കു വേണ്ടി തല മുണ്ഡനം ചെയ്തും പൂജകളും നേർച്ചകളും സംഘടിപ്പിച്ചും വാർത്തകളിൽ ഇടം നേടി. 2011ല്‍ കരൂരില്‍ നിന്ന് തന്നെ വോട്ട് ഷെയര്‍ ഉയര്‍ത്തി വിജയം. പിന്നാലെ ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രി. 2013ലെ ‘അമ്മ കുടിനീർ’ പദ്ധതിയുടെ ആശയം വിരിഞ്ഞതും സെന്തിലിന്‍റെ തലയില്‍ നിന്നായിരുന്നു. എന്നാൽ, ഗതാഗത വകുപ്പിലെ കോഴ ആരോപണത്തിന്‍റെ പേരിൽ തെറ്റിയതോടെ 2015ൽ മന്ത്രിസഭയിൽ നിന്നും പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്തായി. 2016ല്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനൊപ്പംതന്നെ നിന്ന് കരൂരിന് പകരം അറുവാക്കുറിച്ചിയിൽ നിന്നും ജനവിധി തേടി, വിജയിച്ചു.
2016ൽ ജയലളിതയുടെ മരണത്തെത്തുടർന്ന് പാർട്ടിയിലുണ്ടായ അധികാര വടംവലിക്കു പിന്നാലെ ശശികല- ദിനകരൻ പക്ഷത്തിനൊപ്പം കൂടി. 2018 ഡിസംബർ 14-ന് വീണ്ടുമൊരു കൂടുമാറ്റം. സ്റ്റാലിനിൽ നിന്നും ഡി.എം.കെ അംഗത്വം സ്വീകരിച്ചു. പാർട്ടിയിൽ ചേർന്ന സെന്തിലിന് മുന്നിലേക്ക് ഡി.എം.കെ വച്ചുനീട്ടിയത് പാർട്ടി സെക്രട്ടറി സ്ഥാനം. കൂറ് മാറിയ എം.എൽ.എ അയോഗ്യനായതോടെ അറുവാക്കുറിച്ചിയിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2019 മെയ് 23 സെന്തിൽ ബാലാജി വീണ്ടും അറുവാക്കുറിച്ചിയിലെ എം.എൽ.എ ആയി ജയിച്ചുകയറി. എഡിഎംകെ കോട്ടയില്‍ ഡിഎംകെ കൊടിപാറിച്ച നേതാവിനുള്ള അംഗീകാരമായി മന്ത്രിക്കസേരയും . പാർട്ടിക്കു ഗുണകരമായ തന്ത്രങ്ങളിലൂടെ അയാള്‍ സ്റ്റാലിന്‍റെ വിശ്വസ്തനായി. പിന്നാലെ, നിർണായക സ്ഥാനങ്ങളും ചുമതലകളും തേടിയെത്തി. സെന്തിലിനെ പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രത്യേകിച്ച് കൊങ്കുനാട്ടിലെ ഡിഎംകെയുടെ മുഖമായാണ് പാർട്ടി ഉയർത്തിക്കാട്ടിയത്. വർഷങ്ങളായി അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായിരുന്ന കൊങ്കുനാട് മേഖലയിലെ മണ്ഡലങ്ങൾ, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് അനുകൂലമാക്കിയതിനു പിന്നിലെ സെന്തിലിന്റെ പങ്ക് ചെറുതല്ല. അണ്ണാഡിഎംകെ–ബിജെപി സഖ്യത്തിന്റെ ശക്തി കേന്ദ്രമായ പടിഞ്ഞാറൻ ജില്ലകളിൽനിന്നു ഡിഎംകെയിലേക്ക് വോട്ട് ഒഴുകിത്തുടങ്ങി. മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ദയനീയമായ പരാജയവും തദ്ദേശ തിരഞ്ഞെടുപ്പിലെ അണ്ണാ ഡിഎംകെയുടെ തോല്‍വിയും സെന്തിലിന്‍റെ വളര്‍ച്ചയുടെയും വീഴ്ചയുടെയും ആക്കം കൂട്ടി.
പിന്നാലെ ആരോപണങ്ങളും വിവാദങ്ങളുമെത്തി. സംസ്ഥാനത്തിനു പുറത്തു നിന്നു വൈദ്യുതി വാങ്ങിയതിനെച്ചൊല്ലിയും സർക്കാർ മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലെ ക്രമേക്കേടിനെച്ചൊല്ലിയും ബാലാജിക്കെതിരെ ആരോപണങ്ങൾ ഉയർന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇ.ഡിയെത്തി. 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ നടന്നു. പിന്നാലെ ഹൃദയാഘാതവും ആശുപത്രിവാസവും. കോടികളുടെ അഴിമതിക്ക് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തെളിവുകളും സാക്ഷിമൊഴികളും നരത്തിയെങ്കിലും മുഖ്യമന്ത്രിക്ക് സെന്തിലിലുള്ള വിശ്വാസത്തില്‍ ഒരിടിവുമുണ്ടായില്ല. പക്ഷേ പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും മുഖം രക്ഷിക്കാന്‍ സെന്തില്‍ രാജിവച്ചു. ഒടുവില്‍ നിയമനടപടികളിലൂടെ ആരോപണങ്ങളെ അതിജീവിച്ച് സെന്തില്‍ തിരിച്ചെത്തി. ഉദയനിധിയെ സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ചപ്പോള്‍ സെന്തിലിനും ലഭിച്ചു മന്ത്രിസഭയില്‍ സ്ഥാനം. അഴിമതി ആരോപണങ്ങള്‍കൊണ്ട് അടിച്ചൊതുക്കാവുന്നതല്ല സെന്തിലിന്‍റെ തലപ്പൊക്കമെന്നതിരിച്ചറിവ് ഡിഎംകെയ്ക്കും ഉണ്ടാക്കുന്നതായി, സെന്തിലിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.
കരൂരില്‍ ടിവികെ സംഘടിപ്പിച്ച യോഗത്തില്‍ വിജയ് സെന്തില്‍ ബാലാജിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആ സമയം യോഗസ്ഥലത്ത് വൈദ്യുതി മുടങ്ങി. യോഗസ്ഥലം ഇരുട്ടിലായത് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയെന്നാണ് ടിവികെയുടെ ആരോപണം.. ടിവികെയെ തകര്‍ക്കാന്‍ സെന്തിൽ ബാലാജി ആഗ്രഹിച്ചിരുന്നുവെന്നും അതിനായി ഏതുതലംവരെയും അയാള്‍ പോകുമെന്നും ടിവികെ നേതാക്കള്‍ വിശ്വസിക്കുന്നു. സെന്തിലിന്‍റെ സമ്മര്‍ദം ഒന്നുകൊണ്ടുമാത്രമാണ് കരൂരിലെ പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാത്തതെന്ന് അടുത്തിടെ മരിച്ച ടിവികെ നേതാവിന്‍റെ കുറിപ്പില്‍ പരാമര്‍ശമുണ്ട്.
അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തെ ഇരുട്ടിലാക്കിയ സെന്തിലിന് ഈ സംഭവത്തിലും പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ടിവികെ അണികളിലേറെയും. കൊങ്കുനാട്ടിലെ പ്രബലായ കൊങ്കു വെള്ളാളർ എന്ന ഗൗണ്ടർ വിഭാഗത്തിന്‍റെ പ്രതിനിധിയാണ് സെന്തില്‍. ആ മേല്‍വിലാസം സെന്തിലിന്‍റെ വിജയങ്ങള്‍ക്കും രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും തുണയായിട്ടുണ്ട്. ജാതി രാഷ്ട്രീയത്തിനും മുകളില്‍ താരാരാധയും സിനിമയുമാണ് തമിഴ് രാഷ്ട്രീയത്തെ ഭരിക്കുന്നത്. ആ മേല്‍ക്കൈ വിജയ്ക്ക് കരൂരില്‍ ലഭിക്കുമോ എന്ന ഭയമാണ് എതിരാകളികളെ കൊണ്ട് കടുംകൈ ചെയ്യിതെന്നാണ് ടിവികെ വാദം .കണ്ണടച്ച് അവഗണിക്കാവുന്നതല്ല ഈ രാഷ്ട്രീയ ആക്ഷേപമെന്നിരിക്കെ ചാണക്യതന്ത്രങ്ങളില്‍ അഗ്രഗണ്യനായ സെന്തില്‍ എന്ത് തുറുപ്പു ചീട്ടായിരിക്കും ഇറക്കുക എന്നത് കാത്തിരുന്ന് തന്നെകാണാം.