രാജസ്ഥാനിൽ വീട്ടിലെത്തിയ പുള്ളിപ്പുലിയെ പിടിച്ച് കെട്ടിയിട്ട് യുവതി! ഉദയ്പൂരിലാണ് സംഭവം. ഒരു കാലില്‍ വീടിന്‍റെ വാതിലിനോട് ചേര്‍ന്ന് കെട്ടിയിട്ട നിലയില്‍ കയറുമായി രക്ഷപ്പെടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്ന പുള്ളിപ്പുലിയുടെ വിഡിയോ ഇന്‍റര്‍ നെറ്റില്‍ വൈറലാണ്. കെട്ടിയിട്ട യുവതി തന്നെ പിന്നീട് വനം വകുപ്പിനെ ബന്ധപ്പെടുകയും ഉദ്യോഗസ്ഥരെത്തി പുലിയെ സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു.
പുള്ളിപ്പുലി എങ്ങനെയാണ് വീട്ടിനകത്ത് കയറിയത് എന്നുള്ളത് വ്യക്തമല്ല. പുലിയെ കണ്ടതും വീട്ടിലെ അംഗങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഒരു സ്ത്രീമാത്രം അനങ്ങിയില്ല. അവര്‍ ധൈര്യം സംഭരിച്ച് പുള്ളിപ്പുലിയെ കയറുകൊണ്ട് കെട്ടിയിട്ട് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പുള്ളിപ്പുലിയെ വാതിലിൽ കെട്ടിയിട്ടിരിക്കുന്നതായുള്ള വിഡിയോയാണ് പ്രചരിക്കുന്നത്. പുലിക്ക് മുകളില്‍ ഒരു പുതപ്പും കാണാം. വീട്ടില്‍ കയറിയ പുലി ആരെയും ആക്രമിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഇത്തരത്തില്‍ ഭയാനകമായ ഒരു സാഹചര്യത്തിൽ യുവതി പുലര്‍ത്തിയ സംയമനവും ധൈര്യവുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
വിഡിയോ വൈറലായതിന് പിന്നാലെ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് ആളുകളുമെത്തി. ചിലര്‍ അവളാണ് പുലി എന്നാണ് വിശേഷിപ്പിച്ചത്. യുവതി അവളുടെ കുടുംബത്തെ മാത്രമല്ല രക്ഷിച്ചത്, ആ പുലിയെ കൂടിയാണ്. ആ പുലി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍ നാട്ടുകാര്‍ തല്ലിക്കൊന്നിട്ടുണ്ടാകുമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. ഒരു സാധാരണ സ്ത്രീയുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുതെന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതേസമയം, ഒരു പുള്ളിപ്പുലിയുടെ അവസ്ഥ ഇതാണെങ്കിൽ, ഭർത്താവിന്റെ അവസ്ഥ എന്തായിരിക്കും എന്ന തരത്തില്‍ തമാശകളും നിറയുന്നുണ്ട്. കൂടാതെ ആവേശം കൂടിപ്പോയെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.