ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് മുന്നിലെല്ലാം ഒരു സ്ത്രീയുടെ ഫോട്ടോ കാണാം. പണി തീരാത്ത കെട്ടിടങ്ങളില്‍ മാത്രമല്ല പച്ചക്കറി കടകളിലും മറ്റ് വില്‍പന കേന്ദ്രങ്ങളിലുമെല്ലാം ആവര്‍ത്തിച്ച് ഇതേ ഫോട്ടോ കണ്ടപ്പോള്‍ മഹാരാഷ്ട്ര സ്വദേശിയായ ഒരു സ്ത്രീക്ക് തോന്നിയ സംശയമാണ് ഇപ്പോള്‍ എക്സില്‍ ചര്‍ച്ചാവിഷയം. ആരാണീ സ്ത്രീ?
കര്‍ണാടകയിലുടനീളം സ്ഥിരമായി യാത്ര ചെയ്യുന്ന @unitechy എന്ന എക്സ് ഉപയോക്താവാണ് ഈ സ്ത്രീയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സാരിയണിഞ്ഞ്, കണ്‍മഷിയെഴുതി, ഉണ്ടക്കണ്ണുകളുള്ള, അദ്ഭുതഭാവത്തോടെയുള്ള ഒരു സ്ത്രീയുടെ ചിത്രമാണ് വ്യാപകമായി കാണാന്‍ സാധിക്കുന്നത്.
എക്സ് ഉപയോക്താവ് കെട്ടിടങ്ങള്‍ക്ക് മുന്‍പില്‍ തൂക്കിയിട്ട പോസ്റ്ററിന്റെ ഫോട്ടോയെടുക്കുകയും ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ആ സ്ത്രീയെ തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും വിജയിച്ചില്ല. ജനുവരി അഞ്ചിന് ഈ പോസ്റ്റര്‍ യുവതി എക്സില്‍ പോസ്റ്റ് ചെയ്ത് തന്റെ സംശയമുന്നയിച്ചു. 3.2 ദശലക്ഷത്തിലധികം ആളുകൾ പോസ്റ്റ് കണ്ടതിനു പിന്നാലെ വ്യാപകമായ ചര്‍ച്ചകളും ആരംഭിച്ചു.
ദൃഷ്ടിദോഷം അകറ്റാനും സമ്പാദ്യവും സ്വത്തുക്കളും സംരക്ഷിക്കാനുമായി ഇന്ത്യയിലുടനീളം ഉപയോഗിക്കുന്ന രക്ഷയാണിതെന്നായിരുന്നു ഒരാളുടെ മറുപടി. പൊതുവേ ഭീകരരൂപങ്ങളും കറുത്ത കോലങ്ങളുമൊക്കെയാണ് ഇത്തരത്തില്‍ കണ്ണേറ് അകറ്റാന്‍ വെയ്ക്കാറുള്ളത്.
അതേസമയം ഒരു എഐ ചാറ്റ്ബോട്ട് നല്‍കിയ സ്്ക്രീന്‍ഷോട്ടും ഒരു എക്സ് ഉപയോക്താവ് പങ്കുവച്ചു. ചിത്രത്തിലുള്ള സ്ത്രീ കർണാടകയിൽ നിന്നുള്ള യൂട്യൂബറായ നിഹാരിക റാവു ആണ്. ആ ഞെട്ടിക്കുന്ന മുഖഭാവം 2023-ലെ ഒരു വൈറൽ വീഡിയോ ക്ലിപ്പിൽ നിന്നുള്ളതാണെന്നും അത് പിന്നീട് ഒരു ജനപ്രിയ മീം ആയി മാറുകയായിരുന്നുവെന്നുമാണ് എഐ പറയുന്നത്. പിന്നീട് ആളുകള്‍ കണ്ണേറ് തട്ടാതിരിക്കാനും ആ ഭാവം ഉപയോഗിക്കാന്‍ ആരംഭിച്ചു. ബെംഗളൂരുവിലെ മാര്‍ക്കറ്റുകളിലെല്ലാം വ്യാപകമായി കാണുന്ന ഈ ഫോട്ടോ എക്സ് ഏറ്റെടുത്തതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ്.