മാഹിയില്‍ ഭരണകൂടത്തിനെതിരെ പോത്തുമായി പ്രതിഷേധിച്ച് വ്യാപാരികള്‍. പോത്തിനോട് വേദം ചൊല്ലിയിട്ട് കാര്യമില്ലെന്ന രീതിയിലായിരുന്നു പ്രതിഷേധം. കേന്ദ്ര സര്‍ക്കാരും, പുതുച്ചേരി ഭരണകൂടവും മാഹിയോട് അവഗണന കാട്ടുന്നുവെന്നാണ് ആക്ഷേപം.
പ്രതിഷേധത്തിനിടയ്ക്ക് പോത്തിനെന്താണ് കാര്യം.... അഡ്മിനിസ്ട്രേറ്ററെ പോത്തിനോട് ഉപമിയ്ക്കുകയാണ് കേന്ദ്ര ഭരണപ്രദേശമായ മാഹിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി. മാഹി മുനിസിപ്പാലിറ്റിയ്ക്ക് സ്ഥിരമായൊരു കമ്മീഷണറില്ല. നാഥനില്ലാ കളരിപോലെയായി അവസ്ഥ. വീടുകളില്‍ നിന്നുള്ള മാലിന്യ നീക്കം നിലച്ചു. എന്നാല്‍ യൂസര്‍ഫീ കൃത്യമായി വാങ്ങാന്‍ മടിയില്ല. കൂടാതെ തെരുവുനായ്ക്കളുടെ ശല്യവും. പരാതിപ്പെട്ടിട്ട് പോത്തിനോട് വേദമോതിയ പോലെയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
മാഹി അഡ്മിനിസ്ട്രേറ്റര്‍ മാഹിയുടെ ഒരു കാര്യങ്ങളിലും ഇടപെടുന്നില്ലെന്നാണ് വിമര്‍ശനം. വികസിത രാഷ്ട്രമെന്ന് പറയുമ്പോള്‍ ഇത് മയ്യഴിയ്ക്ക് ബാധകമല്ലേ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.