വിനോദ സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ജമ്മു കശ്മീരില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന ജനപ്രിയ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു. പഹല്‍ഗാം ഭീകരാക്രണത്തിനെത്തുടര്‍ന്ന് അടച്ച 12 കേന്ദ്രങ്ങളാണ് സഞ്ചാരികള്‍ക്കായി തുറന്നത്. സുരക്ഷാ അവലോകനത്തിനുശേഷമാണ് നടപടി. ഭീകരാക്രമണം നടന്ന ബൈസരണ്‍ വാലി തുറക്കുന്നത് വൈകും.
ഭൂമിയിലെ പറുദീസ വീണ്ടും വിനോദ സഞ്ചാരികളെ വിളിക്കുന്നു. പ്രതിസന്ധികള്‍ തീര്‍ത്ത ദീര്‍ഘമായ ഇടവേളയ്ക്കുശേഷം സജീവമാകാന്‍. ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ അടച്ചിട്ട ജമ്മു കശ്മീരിലെ 12 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വീണ്ടും തുറന്നത്. ജമ്മു ഡിവിഷനിലെ റംബാന്‍ ഡാഗൻ ടോപ്പ്, ധഗ്ഗർ, സലാലിലെ ശിവ് ഗുഹ, ദോഡയിലെ പാദ്രി, റിയാസി, ചിങ്ക എന്നിവ തുറന്നു. റിയാസി ചെനാബ് നദിയില്‍ റാഫ്റ്റിങും തുടങ്ങി.
കശ്മീര്‍ ഡിവിഷനിലെ അരു വാലി, യാനർ, അക്കാദ് പാർക്ക്, ബിജ്ബെഹാര, ദാര ഷിക്കോ ഗാർഡൻ തുടങ്ങിയവയും പഹൽഗാമിലും പരിസരത്തുമുള്ള പാർക്കുകളും ഉദ്യാനങ്ങളും തുറന്നു. 26 പേര്‍ വെടിയേറ്റുവീണ ബൈസരണ്‍ താഴ്‌വര സുരക്ഷാ കാരണങ്ങളാൽ തല്‍ക്കാലം തുറക്കില്ല. ആകെ 48 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഭീകരാക്രമണത്തിനുപിന്നാലെ അടച്ചുപൂട്ടിയത്, ദൂത്പത്രി, അഹർബൽ തുടങ്ങിയ ജനപ്രിയ കേന്ദ്രങ്ങളിലേക്ക് ഇപ്പോഴും പ്രവേശനമില്ല.