കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സത്യരാജ്. പിഴവ് സംഭവിച്ചവർ തിരുത്താൻ ശ്രമിക്കണമെന്നും തെറ്റ് ചെയ്തവർ ആവർത്തിക്കാതിരിക്കാൻ നോക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ സത്യരാജ് പറഞ്ഞു. ഛെ എന്ന് പറഞ്ഞാണ് താരം വിഡിയോ അവസാനിപ്പിച്ചത്.
‘പിഴവ് അറിയാതെ സംഭവിക്കുന്നതാണ്. തെറ്റ് അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ്. പിഴവ് സംഭവിച്ചവർ തിരുത്താൻ ശ്രമിക്കണം. തെറ്റ് ചെയ്തവർ ആവർത്തിക്കാതിരിക്കാൻ നോക്കണം. ചെറിയ പിഴവാണെങ്കിൽ തിരുത്തണം. അറിയാതെ സംഭവിച്ചതാണെങ്കിൽ ഇനി ആവർത്തിക്കാതെ നോക്കണം. ഛെ’, എന്ന് സത്യരാജ് പറഞ്ഞു.
വിജയ്‌യെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് നാമക്കല്ലില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തമിഴ്നാട് വിദ്യാര്‍ഥി സംഘത്തിന്‍റെ പേരിലുള്ള പോസ്റ്ററുകളില്‍ മരണങ്ങള്‍ക്ക് ഉത്തരവാദി വിജയ് എന്നാണ് ആരോപണം. അതേസമയം ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് അടക്കമുള്ളവർക്ക് പോലീസ് സമൻസ് അയച്ചേക്കുമെന്ന് സൂചനയുണ്ട്. ആനന്ദ് ഉൾപ്പെടെ ഉള്ള 4 പേർക്ക് എതിരെ കരൂർ പോലീസ് കേസ് എടുത്തിരുന്നു.
കരൂരിലെ ആൾകൂട്ട ദുരന്തത്തിൽ 42 പേരാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന 65 കാരി സുഗുണയാണ് ഒടുവിൽ മരണത്തിനു കീഴടങ്ങിയത്. നിലവിൽ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരും സ്വകാര്യ ആശുപത്രികളിൽ 39 പേരും ചികിൽസയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.