കരൂര്‍ ദുരന്തത്തിലെ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ തമിഴ് നടി വിനോദിനി നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നടി സനം ഷെട്ടി. പൊതുജനങ്ങളുടെ വേദനയെ എങ്ങനെ ഇത്തരത്തില്‍ അപമാനിക്കാന്‍ കഴിയുന്നു. നിങ്ങള്‍ക്ക് മനസാക്ഷിയോ കരുണയോ ഉണ്ടോ എന്നാണ് സനം വിനോദിയോട് ചോദിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന വിഡിയോ കുറഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വിനോദിനി നല്‍കിയ മറുപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ജനങ്ങള്‍ക്ക് അത്ര വിലയൊന്നുമില്ലെന്ന് ഞാന്‍ മനസിലാക്കി. അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ജനങ്ങളോട് സംസാരിക്കുമ്പോള്‍ അത് സത്യമാണെന്ന് എനിക്ക് തന്നെ തോന്നുന്നു. 41 പേര്‍ക്കാണ് കരൂര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. അവരുടെ കുടുംബങ്ങള്‍ പോലും അത് മറന്ന് മുന്നോട്ടുപോയി തുടങ്ങി. അങ്ങനെയുള്ള അവര്‍ക്ക് വേണ്ടി എന്തിന് സംസാരിക്കണം എന്ന് എനിക്ക് തോന്നി, എന്നായിരുന്നു വിനോദിനിയുടെ മറുപടി.
ഇതിനെതിരെയാണ് വിമര്‍ശനവുമായി സനം എത്തിയത്. ''പൊതുജനങ്ങളുടെ വേദനയെ എങ്ങനെ ഇത്തരത്തില്‍ അപമാനിക്കാന്‍ കഴിയുന്നു. നിങ്ങള്‍ക്ക് മനസാക്ഷിയോ കരുണയോ ഉണ്ടോ. ദുരിതബാധിതരെ നേരിട്ട് പോയി കണ്ടിട്ടുണ്ടോ?, അവരോട് സംസാരിച്ചിട്ടുണ്ടോ. അവരുടെ പ്രശ്നം എന്താണെന്ന് അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ?. ഇതൊന്നും ചെയ്യാതെ വിജയ് സാറിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നതിലുള്ള നിരാശ മാത്രമാണ് നിങ്ങള്‍ കാണിക്കുന്നത്. വൈറലാകാന്‍ വേണ്ടിയാണ് ചെയ്തത്. പക്ഷേ അതിന് ഉദ്ദേശിച്ചത്ര റീച്ച് കിട്ടിയില്ല. ഈ വിഡിയോ കണ്ടപ്പോള്‍ എനിക്ക് ബിപി കൂടി. നിങ്ങള്‍ ആരാണ്, നിങ്ങള്‍ക്ക് എന്ത് വിലയുണ്ട് മാഡം. കരൂരിലെ ദുരന്തബാധിതരെ ഞാന്‍ നേരിട്ട് പോയി കണ്ടിട്ടുണ്ട്. ഞാന്‍ നിങ്ങളെപ്പോലെ ഒരു രാഷ്ട്രീയക്കാരിയല്ല എനിക്ക് ഒരു പാര്‍ട്ടിയുടെയും പിന്തുണയുമില്ല. വലിയ സഹായമൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ആ സമയത്ത് അവരുടെ കൂടെ നില്‍ക്കേണ്ടത് എന്‍റെ കടമയാണെന്ന് എനിക്ക് തോന്നി. അവരുടെ വേദന ഞാന്‍ മനസിലാക്കി''.
''കരൂരിലെ ദുരന്തബാധിതര്‍ തന്നെ പറയുന്നു അവിടെ നടന്നതിനൊന്നിനും വിജയ് സാര്‍ ഉത്തരവാദിയല്ലെന്ന്. അത് നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് അവിടെയുള്ളവര്‍ നിങ്ങള്‍ക്ക് വിലയില്ലാത്തവരായി മാറിയത്. അവരുടെ സങ്കടങ്ങള്‍ക്ക് വിലയില്ലാതായത്. നിങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ചത് നല്ല കാര്യമാണ്. വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്. ഞങ്ങൾക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല. വിനോദിനി ഇത് പറയുമ്പോൾ അടുത്തിരിക്കുന്ന രണ്ട് പേർ കയ്യടിക്കുന്നുണ്ട്. അവരെക്കുറിച്ച് ഒന്നും പറയാനില്ല, സിംപ്ലി വേസ്റ്റ്'' എന്നാണ് സനം ഷെട്ടി തന്‍റെ വിഡിയോയില്‍ പറയുന്നത്.
സെപ്റ്റംബര്‍ 27ന് കരൂരിലിലെ വേലുസംയപുരത്തുണ്ടായ ദുരന്തത്തില്‍ ആറ് കുട്ടികളും 16 സ്ത്രീകളും ഉള്‍പ്പടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉറ്റവരെ നഷ്ടമായ ഓരോ കുടുംബത്തിനും നടന്‍ വിജയ് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയിരുന്നു. എല്ലാമാസവും 5000 രൂപ വീതം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കും. കുടുംബത്തിന് മെഡിക്കൽ ഇന്‍ഷുറന്‍സ് നല്‍കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. ഇതിനു പുറമെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ടിവികെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.