Security personnel stand guard on a road amid curfew, days after violence during protests for Ladakh statehood, in Leh, Monday, Sept. 29, 2025.
കേന്ദ്രസര്‍ക്കാരും ലഡാക്ക് സംഘടനകളുമായുള്ള ചര്‍ച്ച പൂര്‍ണമായി വഴിമുട്ടി. യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ചര്‍ച്ചകളില്‍നിന്ന് സംഘടനകള്‍ പിന്‍മാറിയത്. ചര്‍ച്ചയ്ക്ക് അവസരമൊരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
ലേയില്‍ നാല് യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ അന്വേഷണം, കേന്ദ്രസര്‍ക്കാര്‍ മാപ്പുപറയണം, കേസുകള്‍ പിന്‍വലിക്കണംഎന്നീ ഉപാധികള്‍ മുന്നോട്ട് വച്ചാണ് ചര്‍ച്ചയില്‍നിന്ന് പിന്‍മാറുന്നതായി ലഡാക്കിലെ സംഘടനകള്‍ അറിയിച്ചത്. കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ ലഡാക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ണമായി വഴിമുട്ടും. ലേ അപക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നീ സംഘടനകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച നടത്താനിരുന്നത്.
ഒക്ടോബര്‍ ആറിലെ ചര്‍ച്ചയ്ക്ക് മുന്‍പായി നാളെ കേന്ദ്രവുമായി പ്രാഥമിക ചര്‍ച്ച നടക്കേണ്ടതായിരുന്നു. അതിനിടെ, ലഡാക്ക് പ്രക്ഷോഭങ്ങൾക്ക് പിന്നാലെ അറസ്റ്റിലായ സോനം വാങ്ചുക്കിനെക്കുറിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വിവരവുമില്ലെന്ന് ഭാര്യ ഗീതാഞ്ജലി അംഗ് മോ പറഞ്ഞു. ലഡാക്ക് ജനതയ്ക്ക് വേണ്ടി പ്രതിഷേധിച്ചതോടെ നാല് വർഷം മുൻപാണ് കേന്ദ്രസർക്കാർ സോനം വാങ്ചുക്കിനെ വേട്ടയാടാൻ തുടങ്ങിയതെന്നും സാമൂഹ്യപ്രവർത്തക കൂടിയായ ഗീതാഞ്ജലി അംഗ് മോ വ്യക്തമാക്കി.