ലഡാക്കിന്റെ സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളിനുമായി പോരാടുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിലിലായിട്ട് 100 ദിവസം. അറബ് വസന്തം മാതൃകയിൽ കലാപത്തിന് ശ്രമിച്ചു എന്നാണ് ദേശസുരക്ഷാ നിയമം ചുമത്തി സോനത്തിനെതിരെ ആരോപിക്കുന്നത്. സോനത്തെ മോചിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന് സമരസമിതികൾ തീരുമാനമെടുത്തതോടെ കാര്യങ്ങൾ സങ്കീർണ്ണമായിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ലഡാക്കിന്റെ സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളിനുമായുള്ള പോരാട്ടം. അക്രമത്തിൽ കലാശിച്ചപ്പോൾ യുവാക്കളോട് ശാന്തരാകാൻ ആവശ്യപ്പെടുന്ന സോനം വാങ്ചുക്.
ഗാന്ധിയൻ മാർഗത്തിൽ, അഹിംസയിൽ ഊന്നിയുള്ള സത്യഗ്രഹമാണ് തുടരുന്നതെന്ന് സോനം ഓർമ്മിപ്പിക്കുന്നു. എന്നാൽ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് ദേശ സുരക്ഷാ നിയമം ചുമത്തിയായിരുന്നു ലഡാക്ക് പൊലീസ് സോനത്തെ അറസ്റ്റ് ചെയ്തത്. നിലവിൽ വിദ്യാഭ്യാസ പ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ സോനം
ലഡാക്കിന്റെ മഞ്ഞുമലകൾക്കപ്പുറം, രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലെ ഇരുമ്പഴിക്കുള്ളിൽ 100 ദിനം പിന്നിടുന്നു. മോചനത്തിനായി ഭാര്യ ഗീതാഞ്ജലി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശ സുരക്ഷ നിയമ പ്രകാരം വിചാരണ കൂടാതെ ഒരു വർഷം വരെ തടവിൽ വെക്കാമെന്നതിനാൽ മോചനം എളുപ്പമല്ല.
സോനത്തിന്റെ മോചനത്തിനു ശേഷമേ ചർച്ചയ്ക്കുള്ളൂ എന്ന് സമരസമിതികൾ കേന്ദ്രസർക്കാരിനെ അറിയിച്ചതിനാൽ ആ വഴിയും സ്തംഭിച്ചിരിക്കുകയാണ്. സോനത്തെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടികളും നിരവധി സാമൂഹ്യ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. നിലവിൽ നിയമപോരാട്ടത്തിനപ്പുറം, ഇതൊരു രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു.