54 വർഷം പിന്നിട്ട് 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൻ്റെ ഓർമ്മകൾ. ലഡാക്കിലെ താങ് അടക്കമുള്ള 4 ഗ്രാമങ്ങളിലുള്ളവർക്ക് പറയാനുള്ളത് അപ്രതീക്ഷിത ഇന്ത്യൻ പൗരത്വത്തിൻ്റെ നീണ്ട കഥയാണ്. പാക് പൗരൻമാരായി ഉറങ്ങി ഇന്ത്യൻ പൗരന്മാരായി എഴുന്നേറ്റ ഞെട്ടലിന്റെ ജീവിത കഥ.
പാങ്കോങ്ങിൽ നിന്നും ലഡാക്കിലൂടെ പാകിസ്ഥാനിലെ ഗിൽഗിത്തിലേക്ക് ഒഴുന്നു. നുബ്ര വാലി നിന്നും ഷ്യോകിൻ്റെ കരപിടിച്ച് ബോഗ്‌ഡാങ്... പാലം കടന്നാൽ ഇന്ത്യയുടെ അവസാന ഗ്രാമങ്ങളായി. 1971 ഡിസംബർ മൂന്ന് മുതൽ 17 വരെ നീണ്ട ഇന്ത്യ-പാക് യുദ്ധം അവസാനിച്ചപ്പോൾ ഇന്ത്യയുടെ ഭാഗമായ ചുലുങ്ക, തുർത്തുക്ക്, ത്യാക്ഷി, താങ് ഗ്രാമങ്ങൾ.
താങ് ഗ്രാമത്തിൽ എത്തുന്നവരെയെല്ലാം ജീവിതാനുഭവം പറഞ്ഞ് ചരിത്രം ഓർമിപ്പിക്കും ഗുലാം ഹുസൈൻ. പാകിസ്ഥാനിലായിരുന്നു ജനനം. ബൈനോക്കുലറിലൂടെ നോക്കുമ്പോൾ കാണുന്ന ഫർനു ഗ്രാമത്തിൽ 19 വയസുവരെ ജീവിച്ചു. പിന്നീടാണ് യുദ്ധം ഗുലാമിൻ്റെ ജീവിതം കീഴ്മേൽ മറിച്ചത്.
12 -ാം വയസിൽ വിവാഹിതനായി . മകനും 4 ഏക്കർ വരുന്ന കൃഷിയും ഒക്കെയായി സന്തോഷത്തോടെ പോയ കാലം. ഡിസംബർ 1 ന് വളം വാങ്ങാനായി താങ് ഗ്രാമത്തിലെത്തിയതായിരുന്നു. യുദ്ധം തുടങ്ങിയതോടെ താങ്ങിൽ കുടുങ്ങി. മടക്കയാത്രയ്ക്കായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി താങടക്കമുള്ള നാല് ഗ്രാമങ്ങൾ ഇന്ത്യ പിടിച്ചത്.
അഞ്ചുവർഷത്തോളം കുടുംബത്തെ കാത്തും തിരിച്ചുപോക്കിനുള്ള മാർഗം തേടിയും ഗുലാം അലഞ്ഞു. പ്രതീക്ഷാവഹമായൊന്നും ഉണ്ടാകാതിരുന്നതോടെ ഇന്ത്യക്കാരനായ എന്ന വിവരം മനസ്സിനെ വിശ്വസിപ്പിച്ചു. താങിൽ നിന്നും വിവാഹം കഴിച്ചു. കുട്ടികളും കൊച്ചുമക്കളുമായി 30 പേർ അടങ്ങുന്ന കുടുംബത്തിൻ്റെ കാരണവരാണ് ഗുലാം ഇപ്പോൾ. പഹൽ ഗാംഭീരാക്രമണത്തെയും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂരിനെയും കുറച്ചു പറയുമ്പോൾ ഗുലാം അസ്വസ്ഥനാകും.