ടിവികെ അധ്യക്ഷന്‍ നടന്‍ വിജയ്‌യുടെ റാലിക്കിടെ തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ കുറിച്ച് ദൃക്സാക്ഷികള്‍ മനോരമ ന്യൂസിനോട്. ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്നും സ്ത്രീകളും കുട്ടികളും മണിക്കൂറുകള്‍ കാത്തുനിന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു. വിജയ്ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍വന്നു. ഈ വാഹനങ്ങള്‍ വഴിയില്‍ തടയേണ്ടതായിരുന്നു. വിജയ് പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ച 38പേരെ തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹങ്ങളും വിട്ടുനില്‍കി. മരിച്ചവരില്‍ ഒരു അമ്മയും രണ്ട് മക്കളുമുണ്ട്. ഹേമലത, സായി ലക്ഷ്മണ, സായി ജീവ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളാണ് 10 കുട്ടികളും. 111 പേർ ചികിത്സയിലുണ്ട്. 50 പേർ കരൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലും 61 പേർ സ്വകാര്യ ആശുപത്രികളിലും ചികില്‍സയിലാണ്. പത്തിലേറെപേരുടെനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പുലര്‍ച്ചെ നാലുമണിയോടെ കരൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
വിവരിക്കാനാകാത്ത ദുരന്തമാണ് ഉണ്ടായതെന്നും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും നടപടി അതിനുശേഷമെന്നും സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടയേഡ് ജഡ്ജി അരുണ ജഗദീശന്‍ അന്വേഷിക്കും. തമിഴ്നാട് സര്‍ക്കാരില്‍നിന്ന് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അപകട ശേഷം മടങ്ങിയ വിജയ് ഹൃദയം തകര്‍ന്നെന്ന് എക്സ് പോസ്റ്റിലൂടെ പറഞ്ഞു. സഹിക്കാനാകാത്ത വേദനയും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ദുഃഖവുമുണ്ട്. ചികില്‍സയിലുള്ളവര്‍ ഉടന്‍ സുഖംപ്രാപിക്കട്ടെയെന്നും വിജയ് എക്സില്‍ കുറിച്ചു. ദുരന്തത്തിന് പിന്നാലെ വിജയ് വിമാനമാര്‍ഗം ചെന്നൈയിലെത്തുകയായിരുന്നു. ഡി.എം.കെയും കോണ്‍ഗ്രസും വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു.
ദുരന്തത്തില്‍ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരൂര്‍ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, അപകടത്തില്‍ പൊലീസിന് വിഴ്ച പറ്റിയിട്ടില്ലെന്ന് തമിഴ്നാട് ഡി.ജി.പി പറഞ്ഞു. വിജയ് വരാന്‍ വൈകിയതാണ് അപകടകാരണം. റാലിക്കെത്തിയവര്‍ക്കായി ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഉണ്ടായിരുന്നില്ലെന്നും ഡിജിപി പറഞ്ഞു. ദുരന്തത്തില്‍ സഹായ വാഗ്ദാനവുമായി കേരളവരും രംഗത്തുണ്ട്. കരൂരില്‍ ആവശ്യമെങ്കില്‍ സഹായം ഉറപ്പാക്കുമെന്ന് എം.കെ.സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.