സംസ്ഥാന പദവി ചര്‍ച്ചകളിലേക്ക് കടക്കും മുമ്പ് സംവരണം അടക്കമുള്ളവ നല്‍കി ലഡാക്ക് ജനതയെ അനുനയിപ്പിക്കാന്‍ കേന്ദ്രം. കാർഗിൽ ഡെമോക്രാറ്റിക് അലയൻസിനും അപെക്സ് ബോഡി ലേക്കും ഇക്കാര്യത്തില്‍ ഇറപ്പ് നല്‍കിയേക്കും. അതേസമയം, പൗരാവകാശ പ്രവർത്തകൻ സോനം വാങ്ച്ചുക്കിനെ ജോദ്പൂർ ജയിലേക്ക് മാറ്റിയതൊഴിച്ചാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട ഒരു വിവരവും പൊലീസ് നല്‍കുന്നില്ലെന്ന് ഭാര്യ ഗീതാഞ്ജലി ആങ്മോ ആരോപിച്ചു. ശക്തമായ സുരക്ഷ വലയത്തിലാണ് ലഡാക്ക്.

ലഡാക്കിന് സംസ്ഥാന പദവി, സ്വയംഭരണാവകാശം ഇതില്‍ കുറഞ്ഞൊന്നിനും തയ്യാറല്ല സമരം നയിക്കുന്നവര്‍. ഇവ രണ്ടിലും ഉടന്‍ ഉറപ്പ് നൽകാൻ കേന്ദ്ര സര്‍ക്കാരിനുമാകുന്നില്ല. ഈ സാഹചര്യത്തിലാണ് പിന്നാക്ക  സംവരണ പരിധി ഉയർത്താം, സർക്കാർ ജോലികളിൽ തസ്തിക വര്‍ധിപ്പിക്കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ കേന്ദ്രം മുന്നോട്ട് വക്കുന്നത്. കാർഗിൽ ഡെമോക്രാറ്റിക് അലയൻസിലെയും അപെക്സ് ബോഡി ലേയിലെയും പ്രതിനിധികളെ ഇക്കാര്യം അറിയിക്കും. ലഡാക്കില്‍ ഇന്റര്‍മെറ്റ് നിരോധനവും കര്‍ഫ്യൂവും തുടരുകയാണ്. അവശ്യവസ്തുക്കളുടെ വിതരണം ഇന്ന് സാധ്യമായത് ജനത്തിന് ആശ്വാസമായിട്ടുണ്ട്.

 24 മണിക്കൂറും നിരീക്ഷണമുള്ള രാജ്സ്ഥാനലെ ജോദ്പൂര്‍ ജയിലാണ് സോനം വാങ്ചുക് ഉള്ളത്. ഇന്നലെ അര്‍ധരാത്രിയാണ് ലെയില്‍ നിന്നും സോനത്തെ ജോദ്പൂരില്‍ എത്തിച്ചത്. ദേശസുരക്ഷ നിയമ പ്രകാരം അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളോ രേഖകളോ നല്‍കാന്‍ ലെ പൊലീസ് തയ്യാറായിട്ടില്ലെന്നും ക്രിമിനലിനെ പോലെയാണ് സോനത്തെ കൈകാര്യം ചെയ്യുന്നതെന്നും ഭാര്യ ഗീതാഞ്ജലി ആങ്മോ ആരോപിച്ചു. എതിർശബ്‌ദത്തെ ദേശവിരുദ്ധമായി മുദ്രകുത്താതെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

ENGLISH SUMMARY:

As Ladakh continues to demand full statehood and self-governance, the Centre is attempting to pacify locals with promises of increased reservation quotas and more government job opportunities. The Kargil Democratic Alliance and Apex Body Leh have been given indications of such concessions. Meanwhile, activist Sonam Wangchuk has been shifted to Jodhpur Jail under the National Security Act, drawing criticism from his wife Geetanjali Angmo, who alleges he is being treated like a criminal. With internet shutdowns, curfew, and tight security in place, opposition parties have urged the Prime Minister and Home Minister to honor earlier promises instead of branding dissent as anti-national.