ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെ തനിക്കെതിരെ നടക്കുന്നത് വേട്ടയാടലെന്ന് സമര നേതാവ് സോനം വാങ്‌ചുക്. അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ ഗുരുതരമാകുമെന്നും മുന്നറിയിപ്പ്. സംഘര്‍ഷത്തില്‍ നാല് യുവാക്കള്‍ കൊല്ലപ്പെട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയം ലഡാക്ക് നേതാക്കളുമായി നടത്തിവരുന്ന ചർച്ചകൾ സംഘര്‍ഷത്തോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സമാധാന പ്രിയരുടെ നാടെന്നാണ് ലഡാക്ക് അറിയപ്പെടുന്നത്. എന്നാല്‍ നിലവില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്. സംഘർഷത്തിന് പിന്നാലെ സോനം വാങ്ചുക്കിന് നേരെ കേന്ദ്രം നിലപാട് കടുപ്പിച്ചതാണ് പ്രശ്നം. ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു എന്നാരോപിച്ച് സന്നദ്ധ സംഘടനക്കുള്ള FCRA ലൈസൻസ് റദ്ദാക്കിയതും സിബിഐയും ആദായനികുതി വകുപ്പും നോട്ടീസ് അയച്ചതും വേട്ടയാടലെന്നാണ് സോനത്തിന്റെ മറുപടി.
4 യുവാക്കൾ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സത്യം പുറത്ത് വരണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പിസിസി അധ്യക്ഷൻ റിഗ്‌സിൻ ജോറ ലഫ് ഗവർണർക്ക് കത്തയച്ചു. അക്രമത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ച് ബിജെപി നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് കൗൺസിലർ ഫണ്ട്സോഗ് സെപാഗ് അറിയിച്ചു. വീഡിയോ പുറത്ത് വിട്ട് സെപാഗ് അക്രമത്തിന് നേതൃത്വം നല്‍കുന്നു എന്ന് ബിജെപി ആരോപിച്ചിരുന്നു. ലഡാക്കിലെ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു എന്നും തദ്ദേശ ഭരണകൂടങ്ങളെ ലഫ്. ഗവർണറും ഉദ്യോഗസ്ഥരും നിയന്ത്രിക്കുന്നു എന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് വിമര്‍ശിച്ചു. സമാധാനത്തിന് ആഹ്വാനം ചെയ്ത ലഫ് ഗവർണർ കവിന്ദർ ഗുപ്ത സംഘർഷത്തിന്റെ ഭാഗമായ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും അന്വേഷണത്തിലൂടെ നിരവധി കാര്യങ്ങൾ കണ്ടെത്താൻ കഴിയും എന്നും പ്രതികരിച്ചു.