ലഡാക്കിലെ ലേയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെതിരെ പൊലീസ് കേസെടുത്തേക്കും. സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. ആക്രമണത്തില്‍ പങ്കെടുത്തെന്ന് ബി.ജെ.പി. ആരോപിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെയും മറ്റ് 50 പേര്‍ക്കെതിരെയും കേസെടുത്തു. ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ലെ അപെക്സ് ബോഡിയുമായും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സുമായും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളിലെ പുരോഗതിയില്‍ അസ്വസ്ഥത പൂണ്ടവരാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. അടുത്തമാസം ആറിന് ഇരുസംഘടനകളുമായും ചര്‍ച്ച നിശ്ചയിച്ചതാണ്. പല ആവശ്യങ്ങളും ഇതിനോടകം അംഗീകരിച്ചിട്ടുമുണ്ട്. സോനം വാങ്ചുക് നടത്തിയ ജെന്‍ സി, അറബ് വസന്തം പരാമര്‍ശങ്ങളാണ് യുവാക്കളെ സംഘടിപ്പിച്ചതും അക്രമത്തിലേക്ക് നയിച്ചതും. പിന്നില്‍ സ്വാര്‍ഥ താല്‍പര്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു. ബി.ജെ.പി. ഓഫിസ് അക്രമിച്ചതില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അപ്പര്‍ ലേ വാര്‍ഡ് കൗണ്‍സിലര്‍ ഫുൻട്സോഗ് സ്റ്റാൻസിൻ സെപാഗിനെതിരെ കേസെടുത്തത്. അതേസമയം രാഹുല്‍ ഗാന്ധിയാണ് ആക്രമണത്തിന് പിന്നിലെന്ന ബി.ജെ.പിയുടെ ആരോപണം കോണ്‍ഗ്രസ് തള്ളി. എവിടെ കലാപം ഉണ്ടായാലും രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുകയാണ് ബി.ജെ.പിയെന്നും ലഡാക് ജനതയ്ക്ക് നല്‍കിയ ഉറപ്പു പാലിക്കണം എന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കര്‍ഫ്യൂ തുടരുന്ന ലേയില്‍ നിലവില്‍ സ്ഥിതി ശാന്തമാണ്. കടകള്‍ അടഞ്ഞുകിടിക്കുകയാണ്. കൂടുതല്‍ അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്തമാസം ആറിലെ ചര്‍ച്ച അനിശ്ചിതത്വത്തിലായി.