നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണചൂടിലേക്ക് കടന്ന ബിഹാറിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. എന്‍ഡിഎയില്‍ ഭിന്നതയെന്നും നിതീഷ് കുമാറിനെ ബാധ്യതയായാണ് കാണുന്നതെന്നും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു. വോട്ട് കൊള്ളയിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും ഊന്നിയാണ് ചര്‍ച്ച പുരോഗമിക്കുന്നത്
തിരഞ്ഞെടുപ്പ് അടുത്ത ബീഹാറിലെ പട്നയില്‍ തന്നെ വിശാല പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ബീഹാറിൽ പ്രവർത്തകസമിതി ചേരുന്നത്. ആമുഖ പ്രസംഗത്തില്‍ തന്നെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമെന്ന് കാരണങ്ങള്‍ നിരത്തി വിശദീകരിച്ചു. സുഹൃത്ത് ട്രംപിനെ പറ്റി പ്രധാനമന്ത്രി പറഞ്ഞുനടക്കുന്നതിനിടെയുള്ള രാജ്യാന്ത പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരാജയമെന്ന് തെളിയിച്ചു. ജനാധിപത്യത്തെ തകര്‍ത്ത വോട്ട് കൊള്ളയില്‍ കേന്ദ്ര സര്‍ക്കാരിന് കൂട്ടുനിന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യപ്രസ്താവന നൽകണം . ബീഹാറിലെ അഴിമതി ഭരണത്തിന് തിരശീല വീഴുന്നു എന്നും ഖര്‍ഗെ പറഞ്ഞു. വോട്ടർ അധികാർ യാത്ര നടത്തിയ രാഹുൽ ഗാന്ധിക്ക് യോഗം നന്ദി അറിയിച്ചു.
വോട്ട് കൊള്ളയിൽ യോഗം പ്രമേയം പാസാക്കും. വിശാല പ്രവര്‍ത്തക സമിതി ആയതിനാല്‍ മുഖ്യമന്ത്രിമാർ,, പ്രതിപക്ഷ നേതാക്കൾ,, പിസിസി അധ്യക്ഷന്‍മാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗശേഷം ന്യായ് സങ്കൽപ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തുടക്കമിടും.