രാജ്യം ആത്മനിർഭർ ആയി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസിന്റെ അധിക തീരുവക്കും H-1B വീസ നിരക്ക് വര്‍ധനക്കുമിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. അതേസമയം നരേന്ദ്രമോദി പരാജയപ്പെട്ട പ്രധാനമന്ത്രിയാണെന്ന് H-1B വീസ നിരക്ക് വര്‍ധന ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
യുഎസിന്റെ നീക്കങ്ങളിലെ രോഷം വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍. ഒപ്പം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. സ്വാശ്രയത്വം കൊണ്ടേ രാജ്യത്തിന്റെ വളര്‍ച്ച സാധ്യമാകു. യഥാർഥ ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണ്. വിദേശ ആശ്രിതത്വം വർധിക്കും തോറും രാജ്യത്തിന്റെ പരാജയം ഏറുമെന്നും പ്രധാനമന്ത്രി ഗുജറാത്തില്‍ പറഞ്ഞു. രാജ്യത്തിൻറെ കഴിവുകളെ അവഗണിച്ച പാർട്ടിയാണ് കോൺഗ്രസെന്നും കോൺഗ്രസ് നയങ്ങൾ രാജ്യത്തിൻറെ വളർച്ചയെ മുരടിപ്പിച്ചു എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. അതേസമയം H-1B വീസ നിരക്ക് US വർധിപ്പിച്ചതിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. ദേശ താൽപര്യം സംരക്ഷിക്കുന്നതാകണം വിദേശ നയം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വീമ്പിളക്കലും ആലിംഗനവും നിർത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. H1B വിസയുള്ളവരിൽ 70% ഉം ഇന്ത്യക്കാരാണെന്നും US തീരുമാനം വലിയ തിരിച്ചടിയാണെന്നും ഖർഗെ എക്സിൽ കുറിച്ചു. ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രിയാണെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി ആവർത്തിച്ചു.. 2017ൽ മോദി - ട്രംപ് കൂടിക്കാഴ്ചയിൽ H- 1B വീസ ചർച്ചയാകാതിരുന്ന സാഹചര്യത്തിൽ ഇതേ വിമർശനം രാഹുൽഗാന്ധി ഉന്നയിച്ചിരുന്നു.