എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
മുംബൈയില്‍ നാലാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് 16 മാസം പ്രായമുള്ള കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ദേശീയപാതയിലെ ഗതാഗത കുരുക്കില്‍ കുടങ്ങി മരിച്ചു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയിലാണ് (NH48) സംഭവം. രണ്ട് മാസത്തിനുള്ളിൽ ദേശീയപാതയിലെ ഗതാഗത കുരുക്ക് മൂലമുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കുട്ടിയെ ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. ഇതിനിടെ നാല് മണിക്കൂറിലധികമാണ് കുട്ടിയുമായി കുടുംബം ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് നളസൊപ്പാറ ഈസ്റ്റിലെ ഫ്ലാറ്റിന്റെ നാലാം നിലയിലെ തുറന്ന ബാൽക്കണിയിൽ നിന്ന് കുട്ടി വീണത്. കുര്‍ളയില്‍ നിന്നും മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. നാലാം നിലയില്‍ നിന്ന് വീണെങ്കിലും അത്ഭുതകരമായി കുഞ്ഞ് രക്ഷപ്പെട്ടു. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള ഗാലക്സി ആശുപത്രിയിലെത്തിച്ചു. വയറ്റിലടക്കം ചതവുകളോടുകൂടിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പ്രഥമശുശ്രൂഷ നൽകി മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അൾട്രാസൗണ്ട് റിപ്പോർട്ടിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ മുംബൈയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. എന്നാൽ കുട്ടിയുമായി പോയ കാര്‍ NH48ലെ ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു. നാലു മണിക്കൂറോളമാണ് കുട്ടിയുമായി കുടുംബം ഗതാഗത കുരുക്കില്‍പ്പെട്ടത്. വൈകുന്നേരം 7 മണിയോടെ കുഞ്ഞ് അനങ്ങാത്തതിനെ തുടര്‍ന്ന് കുടുംബം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും അവിടെവച്ച് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു.
ജൂലൈ അവസാനം മരം വീണ് പരിക്കേറ്റ 49കാരിയും ആശുപത്രിയിലെത്തിക്കുന്നതിനിടെ NH48 ലെ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിൽ കുടുങ്ങി മരിച്ചിരുന്നു. ദേശീയപാതയിലെ ഗതാഗതം സുഗമമാക്കുന്നതിനായി ഹൈവേയ്ക്കായി 600 കോടി രൂപ വൈറ്റ്-ടോപ്പിങ് ചെയ്തിട്ടും ഗതാഗതക്കുരുക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥര്‍ പൂർണ്ണമായും പരാജയപ്പെട്ടെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ പതിവ് ഗതാഗതക്കുരുക്ക് കാരണം ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്നില്ലെന്നാണ് എൻഎച്ച്എഐയുടെ വിശദീകരണം.