അശ്ലീല മെസേജ് അയച്ച ബസ് ഡ്രൈവറെ തെരുവില്‍ നേരിട്ട് യുവതി. ബസ് ടിക്കറ്റ് ബുക്കിങ് ആപ്പില്‍ നിന്നാണ് ഡ്രൈവര്‍ക്ക് യുവതിയുടെ നമ്പര്‍ ലഭിച്ചത്. ആളെ കണ്ടെത്തിയ യുവതി നഗരത്തില്‍ വച്ചു തന്നെ കരണം പൊളിച്ചു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ് സംഭവം.
മാസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ട്രാവല്‍ കമ്പനി വഴി യുവതി ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കഗാവ്‍ലിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കായി യുവതി കമ്പനിയില്‍ നിന്നും ഇടയ്ക്കിടെ ടിക്കറ്റെടുക്കാറുണ്ടായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് ഡ്രൈവര്‍ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കുകയും അശ്ലീല വിഡിയോ അയക്കുകയുമായിരുന്നു.
ഡ്രൈവര്‍ ശല്യം തുടര്‍ന്നതോടെ സെപ്തംബർ 16ന് വൈകിട്ട് യുവതി മറ്റൊരു സ്ത്രീക്കൊപ്പം ബസ് സ്റ്റാൻഡിന് സമീപമുള്ള കമ്പനിയുടെ ബുക്കിങ് ഓഫീസിലെത്തുകയായിരുന്നു. അയച്ച സന്ദേശങ്ങള്‍ കാണിച്ച് ഡ്രൈവറെ ചോദ്യം ചെയ്യുകയും തല്ലുകയുമായിരുന്നു. സംഭവത്തെ പറ്റി പൊലീസില്‍ പരാതിയില്ലെന്നാണ് വിവരം.