എറണാകുളം പറവൂരില്‍ വീടുകയറി ആക്രമിച്ച് യുവതിയുടെ തലയടിച്ചു പൊട്ടിച്ചു. ലഹരിസംഘങ്ങളുടെ തമ്മിലടിയുടെ ഭാഗമാണ് ആക്രമണം. ലഹരിക്കേസ് പ്രതി റസ്‍ലി എന്ന യുവതിയുടെ നേതൃത്വത്തിലാണ് അക്രമികള്‍ എത്തിയത്. ഇവര്‍ പൊലീസ് പിടിയിലായി.
തിരുവനന്തപുരം സ്വദേശി റോഷ്‍നിയുടെ തലയ്ക്കാണ് ബിയര്‍ കുപ്പിക്ക് അടിയേറ്റത്. ലഹരിക്കേസ് പ്രതി റസ്‍ലിയുടെ നേതൃത്വത്തില്‍ എറണാകുളത്തു നിന്നും കാറില്‍ എത്തിയ സംഘമാണ് ഇന്നലെ അര്‍ധരാത്രി ആക്രമണം നടത്തിയത്. വീടിന് നേരെ രണ്ടു തവണ സ്ഫോടക വസ്തു എറിഞ്ഞ ശേഷമായിരുന്നു വീടു കയറിയുള്ള ആക്രമണം. നാടന്‍ ബോംബാണ് എറിഞ്ഞതെന്ന് സംശയിക്കുന്നു. ഒരെണ്ണം പൊട്ടി. തലയ്ക്ക് പരുക്കേറ്റ യുവതിയെ പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മൂന്ന് മാസം മുന്‍പാണ് റോഷ്‍നിയും സംഘവും വാടകയ്ക്ക് താമസത്തിനെത്തിയത്. ഇവിടെ പതിവായി അപരിചിതര്‍ വന്നുപോകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടുപരിസരത്തു നിന്നും ഉപയോഗം കഴിഞ്ഞ സിറിഞ്ചുകളും കണ്ടെത്തി.
ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന റസ്‍ലി കോഴിക്കോട് സ്വദേശിനിയും ഡി.ജെയുമാണ്. പാലാരിവട്ടത്തെ സംസ്ക്കാര ജങ്ഷനില്‍ നേരത്തെ നടുറോഡില്‍ അര്‍ധരാത്രി ആണ്‍സുഹൃത്തിനൊപ്പം റസ്‍ലി ലഹരി മൂത്ത് നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ചിരുന്നു. താമസിച്ചിരുന്ന ഹോസ്റ്റലിന്‍റെ ചില്ലുകള്‍ തകര്‍ത്തിരുന്നു.