പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിന് പിന്നാലെ ചുരാചന്ദ്പൂരിൽ വീണ്ടും സംഘർഷം. പ്രധാനമന്ത്രിയുടെ ഹോർഡിങ്ങുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത കുക്കി യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു. പ്രക്ഷോഭകരും കേന്ദ്രസേനയും തമ്മിൽ ഏറ്റുമുട്ടി.
ഹോർഡിങ്ങുകൾ നശിപ്പിച്ചതിന് മൂന്ന് കുക്കി യുവാക്കളെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കുക്കി വിഭാഗത്തിലെ ചില തീവ്രസംഘടനകളുടെ നേതൃത്വത്തിൽ യുവാക്കൾ പ്രക്ഷോഭം ആരംഭിച്ചത്. ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച കേന്ദ്രസേനയുടെയും പോലീസിൻ്റെയും വാഹനങ്ങൾക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായി. സൈന്യത്തിന്റെ കവചിത വാഹനങ്ങളിൽ പോലും കയറിനിന്ന് പ്രക്ഷോഭകർ പ്രതിഷേധം അറിയിച്ചു.
നിലവിൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ സുരക്ഷാസേനാംഗങ്ങളെ ചുരാചന്ദ്പൂരിൽ വിന്യസിച്ചിട്ടുണ്ട്. ഈ സംഭവം മണിപ്പൂരിൽ വീണ്ടും അശാന്തിക്ക് കാരണമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.