കേന്ദ്രബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന. കര്‍ണാടകയിലും തമിഴ്നാട്ടിലുമടക്കം ഏഴ് അതിവേഗ റെയിലുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. എയിംസും പ്രഖ്യാപിച്ചില്ല. വിഴിഞ്ഞം പദ്ധതിയെയും തീര്‍ത്തും അവഗണിച്ചു. കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജും അനുവദിച്ചില്ല. ധാതു ഇടനാഴിയും കടലാമ നിരീക്ഷണ പദ്ധതിയും മാത്രമാണ് കേരളത്തിന് ലഭിച്ചത്. സംസ്ഥാനങ്ങള്‍ക്ക് 50 ശതമാനം ഗ്രാന്‍റ് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യവും തള്ളി. 41 ശതമാനം ഗ്രാന്‍റാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇ.ശ്രീധരന്‍റെ അതിവേഗ റെയിലോ സംസ്ഥാന സര്‍ക്കാരിന്‍റെ ആര്‍ആര്‍ടിഎസോ കേന്ദ്ര ബജറ്റില്‍ ഇടംപിടിച്ചില്ല. മുംബൈ–പൂണെ, പൂണെ–ഹൈദരാബാദ്, ഹൈദാരബാദ്–ബെംഗളൂരു, ഹൈദാരബാദ്–ചെന്നൈ, ചെന്നൈ–ബെംഗളൂരൂ, ഡല്‍ഹി–വാരാണസി, വാരാണസി–സിലിഗുരി എന്നിവയാണ് നിര്‍മലസീതാരാമന്‍‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതികള്‍. 

മൂന്ന് ആയുര്‍വേദ എയിംസുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലുണ്ടോ എന്ന് വ്യക്തമല്ല. കേരളം, തമിഴ്നാട് , ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴിയാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്ന പ്രധാന പദ്ധതി. വിനോദസഞ്ചാരമേഖലയുടെ ഭാഗമായി കടലാമ പരിചരണ കേന്ദ്രവും കേരളത്തിന് കിട്ടും.  അഞ്ച്  വര്‍ഷത്തിനുള്ളില്‍ 20 ദേശീയ ജലപാതകള്‍ തുറക്കും.  നാളികേരം, കശുവണ്ടി, കൊക്കോ എന്നിവയ്ക്കായുള്ള പദ്ധതികളും സംസ്ഥാനത്തിന് ഗുണകരമാകും.  ഗ്രാമീണ വനിതാസംരഭകര്‍ക്ക് ഷീ മാര്‍ട്ടും എല്ലാ ജില്ലകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലും പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി ഗ്രാന്‍റിനത്തില്‍ ലഭിക്കും.

അതേസമയം, ആദായ നികുതിയില്‍ മാറ്റമില്ല. നികുതി സ്ലാബുകളിലും നിരക്കുകളിലും മാറ്റം വരുത്താതെയാണ് ബജറ്റ് പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. വാഹനാപകട നഷ്ടപരിഹാരത്തുക ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തിഗത റിട്ടേണ്‍ ജൂലൈ 31നകം സമര്‍പ്പിക്കണം.

ബജറ്റിലെ കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഒരു കേന്ദ്രമന്ത്രി എയിംസ് വരുമെന്ന് പറഞ്ഞ് നടന്നുവെന്ന് ബിനോയ്  വിശ്വവും കേരളത്തിന് ആമയും തേങ്ങയും മാത്രമെന്ന് ജോണ്‍ ബ്രിട്ടാസും പ്രതികരിച്ചു. എന്നാല്‍ തന്നതൊന്നും കേരളം നടപ്പാക്കിയില്ലെന്നും ഒന്നും കിട്ടിയില്ലെന്നത് വ്യാജപ്രചാരണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തന്ന പദ്ധതികളൊന്നും കേരളം നടപ്പാക്കുന്നില്ലെന്നും ഒന്നും കിട്ടുന്നില്ലെന്ന് പറയുന്നവര്‍ ഇതിന് മറുപടി ആദ്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

The Union Budget 2026 has drawn sharp criticism from Kerala as the state was completely left out of the seven newly announced high-speed rail corridors. Despite long-standing demands and identifying land in Kozhikode, no AIIMS was sanctioned for Kerala, while other southern states received significant rail projects. The budget also failed to address Kerala's request for a special financial package of ₹21,000 crore and major support for the Vizhinjam International Port. Instead, the central government allocated projects like a mineral corridor and a sea turtle conservation center, which critics describe as inadequate. Finance Minister Nirmala Sitharaman maintained the 41% tax devolution rate for states, rejecting Kerala's plea for a 50% grant. While schemes like 'She Mart' and hostels for girls offer some social benefit, the exclusion from core infrastructure projects like the Sabari Rail and SilverLine alternatives has left the state in a 'developmental vacuum'. The new Income Tax Act 2025, effective from April 2026, was introduced with no changes to the tax slabs, further disappointing middle-class taxpayers. Stay tuned for expert analysis and political reactions from Kerala regarding the Budget 2026 allocations.