പാര്‍ട്ടിയുടെ ശക്തിപ്രകടനമായി വിജയ്‌യുടെ ആദ്യ സംസ്ഥാനപര്യടനം. തിരുച്ചിറപ്പള്ളിയില്‍ ഒഴുകിയെത്തി ടിവികെ പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഡിഎംകെയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് വിജയ്. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഡിഎംകെയ്ക്ക് വോട്ടുചെയ്യുമോ എന്ന് വിജയ്‌യുടെ ചോദ്യം. അതിനിടെ വിജയ്ക്ക് ഒളിയമ്പുമായി സ്റ്റാലിന്‍ രംഗത്തെത്തി.
റോഡ് ഷോ അടക്കം പാടില്ലെന്ന കര്‍ശന ഉപാധികളെല്ലാം ടിവികെ പ്രവര്‍ത്തകര്‍ തിരുച്ചിറപ്പള്ളിയില്‍ മറികടന്നു. രാവിലെ 10:35 മുതല്‍ 11 വരെയായിരുന്നു വിജയ്ക്ക് പ്രസംഗിക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പ്രചാരണ സ്ഥലത്തേക്ക് വിജയ്ക്ക് എത്താന്‍ സാധിച്ചത് തന്നെ വൈകിട്ട് മൂന്നുമണിയോടെ. വിമാനത്താവളത്തില്‍ നിന്ന് പ്രചാരണവേദിവരെ എത്താന്‍ എടുത്തത് ഏതാണ്ട് നാലുമണിക്കൂര്‍. കാരവാന് മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു വിജയ്. യുദ്ധത്തിന് പോകും മുന്‍പ് കുലദൈവങ്ങളെ തൊഴുന്നതാണ് പാരമ്പര്യം. അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ജനാധിപത്യ യുദ്ധത്തിന് മുന്നോടിയായി തിരുച്ചിറപ്പള്ളിയിലുള്ളവരെ കാണാന്‍ വന്നതാണ് താന്‍ എന്ന് വിജയ്. അണ്ണാദുരൈയെ കുറിച്ചും എംജിആറിനെ കുറിച്ചും പരാമര്‍ശം.
സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളും തുടങ്ങി പല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ ഡിഎംകെയ്ക്ക് വീഴ്ച സംഭവിച്ചു. പല ചോദ്യങ്ങളും ചോദിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടെങ്കിലും ഡിഎംകെയില്‍ നിന്ന് മറുപടി ഉണ്ടാകുന്നില്ലെന്നും വിജയ്. നാമക്കലിലെ വൃക്കത്തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളും വിജയ് പരാമര്‍ശിച്ചു. പ്രായോഗികമായ പദ്ധതികളെ കുറിച്ച് മാത്രമേ തങ്ങള്‍ സംസാരിക്കുകയുള്ളൂ എന്നും ക്രമസമാധാനവും സ്ത്രീ സുരക്ഷയും ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിജയ്. അതിനിടെ ശബ്ദ സംവിധാനത്തിലെ തകറാറിനെ തുടര്‍ന്ന് വിജയ്‌യുടെ പ്രസംഗം കേള്‍ക്കാതായതോടെ നിരാശരായി പ്രവര്‍ത്തകര്‍. അതിനിടെ വിജയ്ക്കെതിരെ ഒളിയമ്പുമായി സ്റ്റാലിന്‍ രംഗത്തെത്തി. പുതിയ ശത്രുക്കള്‍ക്കോ പഴയ ശത്രുക്കള്‍ക്കോ ഡിഎംകെയെ തൊടാനാകില്ല. ഡിഎംകെ പൊതുജനങ്ങളെ ശല്യം ചെയ്യുന്ന ആളുകളുടെ കൂട്ടമല്ല.
ആദര്‍ശങ്ങളും തത്വങ്ങളും പിന്തുടരുന്നവരുടെ പാര്‍ട്ടിയാണ് ഡിഎംകെ എന്നും സ്റ്റാലിന്‍ പറഞ്ഞു.