ലക്ഷദ്വീപില്‍ പാതയോരത്തെ തെങ്ങുകയറ്റത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി ഭരണകൂടം. തെങ്ങുകയറുന്നതിന് ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. തെങ്ങു കയറുന്ന വ്യക്തി കൈയുറയും താഴെനില്‍ക്കുന്നയാള്‍ ഹെല്‍മെറ്റും ധരിക്കണം.
റോഡുകള്‍ക്ക് സമീപത്തെ തെങ്ങുകളിലെ തേങ്ങകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയ ഉത്തരവാണ് പുതിയ വിവാദത്തിന് വഴിവച്ചിട്ടുള്ളത്. റോഡിലൂടെ പോകുന്നവര്‍ക്ക് അപകടഭീഷണിയുണ്ടാകുന്നുവെന്നും ഗതാഗത തടസങ്ങളുണ്ടാക്കുന്നുവെന്നും പറഞ്ഞാണ് നടപടി. ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളിലാണ് നിയന്ത്രണം. തേങ്ങയിടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പൊലീസ് സ്റ്റേഷനില്‍ നിശ്ചിത ഫോമില്‍ അപേക്ഷിക്കണം.
സ്ഥല ഉടമയുടെയും മേല്‍നോട്ടക്കാരന്‍റെയും പേരും ഫോണ്‍ നമ്പറും സുരക്ഷാ ക്രമീകരണങ്ങളും വ്യക്തമാക്കണം. ഗതാഗത തിരക്കേറിയ സമയങ്ങളിലും സ്കൂള്‍ സമയത്തും കപ്പലുകള്‍ അടുക്കുകയും യാത്ര തുടങ്ങുകയും ചെയ്യുന്ന സമയങ്ങളിലും തേങ്ങയിടരുത്. മേല്‍നോട്ടത്തിന് ഒരാള്‍ വേണം. തെങ്ങു കയറുന്ന വ്യക്തി കൈയുറയും താഴെനില്‍ക്കുന്നയാള്‍ ഹെല്‍മെറ്റും ധരിക്കണം. ഉത്തരവ് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് അഭിഭാഷകനായ അജ്മല്‍ അഹമ്മദ് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ പുറംമ്പോക്ക് അടക്കം സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് തേങ്ങയിടുന്നത് വിലക്കി നേരത്തെ ഇറക്കിയ ഉത്തരവും വിവാദമായിരുന്നു.