കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ കൂട്ടക്കൊലപാതകം നടന്നുവെന്ന ആരോപണത്തില്‍ ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ നാളെ കസ്റ്റഡിയില്‍ എടുത്തേയ്ക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കര്‍ണാടക പൊലിസ് മനാഫിന് നോട്ടീസ് നല്‍കി. അതേസമയം മതസ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് മനാഫിനെതിരെ എഫ്ഐആറില്‍ ഉള്ളത്.
ധര്‍മ്മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചായിരുന്നു മനാഫിന്‍റെ വെളിപ്പെടുത്തല്‍. പലരെയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും ഇതില്‍ മലയാളി സ്ത്രീകളടക്കം ഉള്‍പ്പെടുന്നുവെന്നും പറഞ്ഞതോടെ സംഭവത്തിന്‍റെ ഗൗരവം വര്‍ധിച്ചു. തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചെന്ന് അന്വേഷസംഘം പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എസ്ഐടി വിശദീകരിച്ചു. എന്നാല്‍ മുമ്പ് നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുകയാണ് മനാഫ്.
ഉഡുപ്പി ടൗണ്‍ പൊലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹമാധ്യമങ്ങള്‍ വഴി മതസ്പര്‍ദ്ദ ഉണ്ടാക്കല്‍, ഇതര മതസ്ഥരെ പരിഹസിക്കല്‍ എന്നിവ ചെയ്തതിന് വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ചോദ്യം ചെയ്യലിന് ശേഷം മനാഫിനെ കസ്റ്റഡിയില്‍ എടുക്കാനാണ് സാധ്യത. മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ധര്‍മ്മസ്ഥല വിവാദത്തിലാകുന്നത്. 1992 മുതല്‍ 2014 വരെ നൂറിലധികം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ മറവുചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ അവകാശവാദം.