delhi-yamuna

പ്രളയഭീതിയിൽ ഡൽഹി. ഡല്‍ഹിയില്‍ യമുന നദി കരകവിഞ്ഞു. മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന നിഗംബോധ് ഘട്ടിലേക്ക് വെള്ളമെത്തി. വെള്ളം ഉയര്‍ന്നാല്‍ സംസ്കാര ഭൂമി അടയ്ക്കും. യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയർന്ന തോതായ 208.66 മീറ്ററിലെത്തി. ഡൽഹിയിൽ പെയ്യുന്ന മഴക്കൊപ്പം വസീറാബാദ്, ഹത്നികുണ്ട് ബാരേജുകളിൽ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതാണ് ജലനിരപ്പ് നിയന്ത്രണാതീതമാകാൻ കാരണം. യമുനാ തീരത്തുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നദിക്ക് കുറുകെയുള്ള ഇരുമ്പുപാലം അടച്ചു. 

ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. ജനക്പുരിയിൽ റോഡ് തകർന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. ഗുഡ്ഗാവ്, നോയിഡ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ സ്കൂളുകള്‍ക്ക് അവധി തുടരുകയാണ്. ഓഫീസുകള്‍ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയിട്ടുണ്ട്. ഡൽഹിയിലെ വായു നിലവാരം എട്ട് വർഷത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലാണുള്ളത്.

തോരാത്ത മഴയില്‍ വലയുകയാണ് ഉത്തരേന്ത്യ. ജമ്മുകശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ രണ്ടുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജമ്മുകശ്മീരിലും ഹിമാചലിലും ഉത്തരാഖണ്ഡിലും ഉരുൾപൊട്ടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഹിമാചലിൽ റെഡ് അലർട്ട് തുടരുകയാണ്. ചമ്പ, കാംഗ്ര, കുളു, മണ്ഡി ജില്ലകളിലാണ് ഉരുൾപൊട്ടൽ തുടരുന്നത്. 

സംസ്ഥാനത്തെ 1,300 റോഡുകൾ മണ്ണിടിഞ്ഞ് അടഞ്ഞു. അപകടസാധ്യതയെ തുടർന്ന് 280 റോഡുകൾ അടച്ചിട്ടു. ഓറഞ്ച് അലർട്ട് തുടരുന്ന ഉത്തരാഖണ്ഡിലെ അളകനന്ദ, യമുന, ഭഗീരഥി, ഗംഗ നദികൾ വീണ്ടും അപകടനിലയ്ക്ക് അടുത്ത് എത്തി. ദക്ഷിണ കശ്മീരിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകി. കിഷ്ത്വാർ, പൂഞ്ച്, അനന്ത്നാഗ്, ഷോപിയാൻ, കുൽഗാം എന്നിവിടങ്ങളിൽ മേഘവിസ്ഫോടന മുന്നറിയിപ്പുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര വിനോദസഞ്ചാരികൾ പരമാവധി ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരുകളുടെ അറിയിപ്പ്.

ENGLISH SUMMARY:

Delhi floods severely impact the city as the Yamuna River overflows. Authorities are relocating residents and issuing alerts amid ongoing heavy rainfall and river water levels.