കലാപം തകര്‍ത്ത മണിപ്പുരിലേക്ക് രണ്ടുവര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി എത്തുന്നു. ഈ മാസം 13 ന് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. അഭയാര്‍ഥി ക്യാംപുകളും സന്ദര്‍ശിച്ചേക്കും. മിസോറമിലെ ബൈരാബി– സായ്‌രംഗ് റെയില്‍ പാത ഉദ്ഘാടനച്ചടങ്ങിന് ശേഷമാണ് നരേന്ദ്ര മോദി മണിപ്പുരിലേക്ക് പോവുക.
ലോകം മുഴുവന്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരില്‍ എത്തുന്നില്ലെന്ന പ്രതിപക്ഷ ചോദ്യത്തിന് രണ്ടുവര്‍ഷത്തിനു ശേഷം ഉത്തരമാകുന്നു. മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം ഏറ്റവും നാശംവിതച്ച ഇംഫാലിലും ചുരാചന്ദ്പുരിലും മോദി എത്തുമെന്നാണ് അറിയുന്നത്. അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവരെ കാണുകയും പരാതികള്‍ കേള്‍ക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സന്ദര്‍ശനം കണക്കിലെടുത്ത് മണിപ്പുരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. കലാപം കെട്ടടങ്ങിയ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം അനവസാനിപ്പിച്ച് സര്‍ക്കാരിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 2023 മേയില്‍ ആരംഭിച്ച കലാപത്തില്‍ 260 തില്‍ അധികം പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തിലേറെ പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ബിരേന്‍ സിങ് സര്‍ക്കാര്‍ രാജിവച്ചതിനുശേഷം ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല സമാധാനം പുനസ്ഥാപിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടു. പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് തട്ടിയെടുത്ത ആയുധങ്ങളില്‍ പകുതിയും മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ ഇതിനോടകം തിരിച്ചേല്‍പിച്ചിട്ടുണ്ട്.