നേതൃത്വത്തിനെതിരെ വീണ്ടും പരിഹാസവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൊതുജനങ്ങളെ നന്നായി വിഡ്ഢിയാക്കുന്നയാള്‍ ഏറ്റവും മികച്ച നേതാവാകുമെന്ന് നേതൃത്വത്തെ ലക്ഷ്യമിട്ട് ഗഡ്കരി പരിഹസിച്ചു. ഏതാനും നാളുകളായി ഗഡ്കരി നടത്തുന്ന പ്രതികരണങ്ങൾ ബിജെപി നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുകയാണ്.
ഗഡ്കരിയുടെ വാചക ബോംബുകളുടെ പ്രഹരശേഷിയില്‍ ഉലയുകയാണ് പ്രധാനമന്ത്രിയും ബിജെപി നേതൃത്വം. ഇത്തവണ അഖിലഭാരതീയ മഹാനുഭവ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നേതൃത്വത്തെ ലക്ഷ്യവെച്ച പ്രസ്താവന. രാഷ്ട്രീയത്തില്‍ പൂര്‍ണഹൃദയത്തോടെ സത്യം സംസാരിക്കുന്നത് തടയപ്പെടുന്നു. കുറുക്കുവഴികള്‍ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കും എന്നാൽ, ദീര്‍ഘകാല വിശ്വാസ്യതയെ അത് ദുര്‍ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഒളിയമ്പ് എന്ന നിലയിൽ പ്രസ്താവന അതിവേഗം പ്രചരിച്ചു. ഗഡ്കരി നടത്തുന്ന പ്രതികരണങ്ങൾക്ക് നേതൃത്വം കാലങ്ങളായി മൗനം തുടരുകയാണ്. ഒരു മാസം മുമ്പ് രാജ്യത്ത് സാമ്പത്തിക അസമത്വം വർധിക്കുന്നുവെന്ന വിമർശനം കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളെ ഉന്നിയുള്ള രാഷ്ട്രീയ പരാമർശങ്ങൾ ഗഡ്കരി നടത്തുന്നത് രാഷ്ട്രീയവേദികളിലല്ല എന്നതാണ് ശ്രദ്ധേയം