തോരാത്ത മഴയില്‍ മുങ്ങിത്താണ് ജമ്മുകശ്മീരും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. മഴക്കെടുതി മറികടക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പറഞ്ഞു. ജമ്മുകശ്മീരിലെ താവി നദിക്ക് കുറുകെ സൈന്യം ബെയ്ലി പാലം തീര്‍ത്തത് രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കി. അതേസമയം കേന്ദ്രത്തില്‍ നിന്നും ഒരു സഹായവും ലഭിക്കുന്നില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ദുരിതക്കയത്തില്‍ നിന്ന് കരകയറാനാകാത്ത അവസ്ഥയിലാണ് ജമ്മുകശ്മീരും ഉത്തരാഖണ്ഡും ഹിമാചലും. ഒരേ സമയം ഒന്നിലധികം ഇടങ്ങളിലാണ് മേഘവിസ്ഫോടനവും ഉരുള്‍പൊട്ടലും ആവര്‍ത്തിക്കുന്നത്. ജമ്മുകശ്മീരിലെ താവി നദിക്ക് കുറുകെ 12 മണിക്കൂര്‍ കൊണ്ട് സൈന്യം ബെയ്ലി പാലം തീര്‍ത്തത് രക്ഷാപ്രവര്‍ത്തനത്തിന് കരുത്തായി. 110 അടിയുള്ള പാലമാണ് നിര്‍മ്മിച്ചത്.
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നു എന്നും രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.
പഞ്ചാബില്‍ 1018 ഗ്രാമങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. 61,632 ഹെക്ടര്‍ കൃഷി നശിച്ചു. വെള്ളത്തിലും കരയിലും ഒരു പോലെ ഓടുന്ന എറ്റോർ N- 1200 എന്ന സൈനിക വാഹനം മരുന്ന്, ഭക്ഷണ വിതരണം എളുപ്പമാക്കി. എന്നാല്‍ കേന്ദ്രം വിഷമ ഘട്ടത്തില്‍ പഞ്ചാബിനെ സഹായിക്കുന്നല്ലെന്ന് എഎപി സര്‍ക്കാര്‍ ആരോപിച്ചു. അടുത്ത മാസം അഞ്ച് വരെ ഹരിയാനയിലും ഡല്‍ഹിയിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.