ആലപ്പുഴ അരൂരിൽ കായലോര മേഖലകളിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങൾക്ക് വേലിയറ്റം വൻ ഭീഷണി. നിരവധി വീടുകളിൽ വെളളം കയറി. കായലുകളിലും തോടുകളിലും ആഴം കുറഞ്ഞതാണ് വെള്ളപ്പൊക്ക ദുരിതത്തിന് കാരണം.
പത്തു വർഷമായി എല്ലാ സമയത്തും അരൂരിൻ്റെ കായലോര മേഖലകളിലെ വീടുകളിൽ വെള്ളക്കെട്ടാണ്. പഞ്ചായത്തിലെ 14, 16, 19, 21, 22 വാർഡുകളുടെ തീരങ്ങളിലാണ് വേലിയേറ്റം കാരണം ദുരിതം ഉണ്ടാകുന്നത്.
വെള്ളം കയറിയതറിഞ്ഞ് അരൂർ സർക്കിൾ ഇൻസ്പെക്ടർ കെ.ജി പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ എത്തി നാട്ടുകാരുടെ പ്രശ്നങ്ങൾ മനസിലാക്കി. ഒരു കാലത്ത് നെൽകൃഷിയുണ്ടായിരുന്ന പാടങ്ങൾ തരിശുകിടന്ന് കാടായി. നാട്ടുതോടുകളിൽ ഒഴുക്ക് നിലച്ചു. കുമ്പളങ്ങിക്കായൽ എക്കലും മാലിന്യങ്ങളും നിറഞ്ഞ് ആഴം കുറഞ്ഞു. ഇതാണ് കായലിൽ വേലിയേറ്റ മുണ്ടാകുമ്പോൾ വീടുകളിലും പറമ്പുകളിലും വെള്ളം കയറാൻ കാരണം. കായലിന് ആഴം കൂട്ടിയാൽ മാത്രമേ വെള്ള പ്പൊക്കത്തിന് പരിഹാരം കാണാൻ കഴിയു എന്ന് നാട്ടുകാർ പറയുന്നു.