‘തെരുവുനായ’ വിഷയത്തില്‍ ഇടപെട്ടതോടെ താനിപ്പോള്‍ രാജ്യത്തും പുറത്തും പ്രശസ്തനായെന്ന നര്‍മവാക്കുകളുമായി സുപ്രീംകോടതി സീനിയർ ജഡ്ജി ജസ്റ്റിസ് വിക്രം നാഥ്. ഡൽഹിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും പിടികൂടിയ തെരുവ് നായ്ക്കളെ തുറന്നുവിടുന്നത് നിരോധിച്ചുകൊണ്ടുള്ള രണ്ടംഗ ബെഞ്ചിന്റെ ഓഗസ്റ്റ് 11-ലെ ഉത്തരവ് ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക ബെഞ്ച് ഓഗസ്റ്റ് 22-ന് ഭേദഗതി ചെയ്തിരുന്നു. ഈ ഇടപെടല്‍ തന്നെ പ്രശസ്തനാക്കിയെന്നാണ് ജസ്റ്റിസ് പറയുന്നത്.
കോടതിയിലും പുറത്തും ലളിതമായ സംസാരത്തിനു പേരുകേട്ട ജഡ്ജി കൂടിയാണ് ജസ്റ്റിസ് വിക്രം നാഥ്. തിരുവനന്തപുരത്ത് നാഷണൽ ലീഗൽ സർവീസ് അതോറിറ്റി (NALSA) സംഘടിപ്പിച്ച മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ചുള്ള പ്രാദേശിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ജസ്റ്റിസിന്റെ നര്‍മസംഭാഷണം. ഈ കേസ് തനിക്ക് നൽകിയതിന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നന്ദിയുണ്ടെന്നും ജസ്റ്റിസ് നാഥ് പറഞ്ഞു.
‘ഏറെക്കാലമായി എന്റെ ചെറിയ ജോലികളുടെ പേരിൽ നിയമലോകത്ത് ഞാൻ അറിയപ്പെട്ടിരുന്നു, പക്ഷേ ഇപ്പോള്‍ കൂടുതല്‍ പ്രശസ്തനായി, തെരുവ് നായ്ക്കൾക്ക് നന്ദി, ഈ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള സമൂഹത്തിൽ എനിക്ക് അംഗീകാരം നൽകിയതിന്. ഈ കേസ് എനിക്ക് നൽകിയതിന് ചീഫ് ജസ്റ്റിസിനോടും ഞാൻ നന്ദിയുള്ളവനാണ്’ ഇതായിരുന്നു ജസ്റ്റിസിന്റെ വാക്കുകള്‍. 2027-ൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയാകാൻ സാധ്യതയുള്ള ന്യായാധിപന്‍ കൂടിയാണ് ജസ്റ്റിസ് നാഥ്.
‘നായപ്രേമികൾക്ക് പുറമെ, നായ്ക്കളും തനിക്ക് അനുഗ്രഹങ്ങളും ആശംസകളും നൽകുന്നുണ്ടെന്നും പലയിടത്തുനിന്നും സന്ദേശങ്ങളും നന്ദിവാക്കുകളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായ്ക്കളെ വന്ധ്യംകരിക്കുകയും വാക്സിനേഷൻ നൽകുകയും ചെയ്ത ശേഷം പിടിച്ചെടുത്ത അതേ സ്ഥലങ്ങളിൽ തിരികെ വിടാമെന്നാണ് ജസ്റ്റിസ് നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞത്, അതേസമയം പേ ബാധിച്ച നായ്ക്കൾക്കോ ആക്രമണ സ്വഭാവം കാണിക്കുന്ന നായ്ക്കൾക്കോ ഈ ഉത്തരവ് ബാധകമല്ലെന്നും ജസ്റ്റിസുമാരായ സന്ദീപ് മേത്തയും എൻ.വി. അഞ്ജാരിയയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഡൽഹിയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ്, കുട്ടികളിൽ പേവിഷബാധ ഉണ്ടാകുന്നത് സംബന്ധിച്ച ഒരു മാധ്യമ റിപ്പോർട്ടിനെത്തുടർന്ന് ജൂലൈ 28-ന് സ്വമേധയാ എടുത്ത കേസിലാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.