TOPICS COVERED

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന 56,500 രൂപ തീര്‍പ്പാക്കി കാർ ഉടമ. 130-ൽ അധികം കേസുകളാണ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ കര്‍ണാടക സർക്കാർ 50% ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇയാള്‍ പിഴ അടച്ചത്.

ഇയാളുടെ ഒരു കാറിന് 100 കേസുകളും മറ്റൊരു കാറിന് 30 കേസുകളുമുണ്ട്. ഓഗസ്റ്റ് 21-നാണ് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ സർക്കാർ 50% ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 12 വരെയാണ് ഇളവ് പ്രാബല്യത്തിൽ ഉണ്ടാവുക. ഇതിനാലാണ് ഇയാള്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത്. ചൊവ്വാഴ്ചയാണ് കാർ ഉടമ എ.ഇ.സി.എസ് ലേഔട്ടിലെ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി പിഴയടയ്ക്കാൻ സന്നദ്ധത അറിയിച്ചത്.

പിഴത്തുക 56,500 രൂപയായതിനാൽ പകുതി കേസുകളിലെ തുക ആദ്യം അടയ്ക്കാമെന്നും ബാക്കി പിന്നീട് അടയ്ക്കാമെന്നും ഇയാൾ പൊലീസിനോട് അഭ്യർത്ഥിച്ചു. എന്നാൽ മുഴുവൻ തുകയും ഒന്നിച്ച് അടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ മുഴുവന്‍ തുകയും ഒന്നിച്ച് അടക്കുകയായിരുന്നു. 

ഒരു കാറിന് 46,500 രൂപയും രണ്ടാമത്തെ കാറിന് 10,000 രൂപയുമാണ് പിഴയിനത്തിൽ അടച്ചത്. നോ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്യുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്.

സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന് ശേഷം ഓഗസ്റ്റ് 27 വരെ 6.7 ലക്ഷം കേസുകളാണ് തീർപ്പാക്കിയത്. ഇതിലൂടെ 18.9 കോടി രൂപ പിഴയിനത്തിൽ സർക്കാരിലേക്ക് ലഭിച്ചു.