death-telengana

തെലങ്കാനയിലെ സിര്‍സില്ലയില്‍ മരിച്ച 17കാരി മാസങ്ങള്‍ക്ക് മുന്‍പെഴുതിയ കത്ത് പുറത്തുവന്നതോടെ കേസില്‍ വന്‍ ട്വിസ്റ്റ്. കടുത്ത പനിയും അപസ്മാരവും മൂലമാണ് മരണമെന്നായിരുന്നു ബന്ധുക്കള്‍ കരുതിയിരുന്നത്. എന്നാല്‍ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളാണ് കടുത്ത മാനസിക ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് ചെന്നെത്തിച്ചത് എന്നാണ് വ്യക്തമാകുന്നത്. പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് തെളിയുകയാണ്. 

ഏതാനും മാസങ്ങൾക്ക് മുൻപു പെൺകുട്ടി എഴുതിയ മൂന്നു പേജുള്ള കത്ത് പിതാവ് കണ്ടെത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. വർഷങ്ങളായി പെൺകുട്ടി അനുഭവിച്ചുകൊണ്ടിരുന്ന മാനസിക ആഘാതവും ശാരീരിക പീഡനവും തെലുങ്ക് ഭാഷയില്‍ എഴുതിയ കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടി, പലതവണ ഭീഷണി നേരിട്ടിരുന്നു എന്നാണ് കത്തിൽ പറയുന്നത്. ലൈംഗിക ബന്ധത്തിനിടെ മൂന്ന് പുരുഷന്മാർ തന്റെ വിഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതു തന്റെ ജീവിതം പേടിസ്വപ്നമാക്കി മാറ്റി. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാൽ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും കത്തിൽ പറയുന്നു.

പെൺകുട്ടി പിതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും, അച്ഛൻ ഇല്ലാത്തപ്പോൾ വീട്ടിലെത്തിയ പ്രതികൾ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. 20 വയസ്സുള്ള പ്രതികളെ പെൺകുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ‌ തിരിച്ചറിഞ്ഞു. ഇവരെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. പ്രധാന പ്രതി തനിക്ക് ഒരു ഫോൺ തന്നുവെന്നും, അതിലെ നിർദേശങ്ങൾ അനുസരിച്ച് ജീവിക്കാൻ പിന്നീട് നിർബന്ധപ്പെട്ടുവെന്നും പെൺകുട്ടി പറയുന്നു. ലൈംഗിക ബന്ധത്തിനിടെയുള്ള നിരവധി വിഡിയോകൾ പൊലീസ് ഫോണിൽ നിന്നു കണ്ടെത്തി.

ENGLISH SUMMARY:

Telangana Teen Suicide reveals a tragic case of a 17-year-old girl in Sircilla, Telangana, who died due to sexual harassment and blackmail. A suicide letter uncovered the horrifying ordeal she faced, leading to the arrest of the perpetrators.