രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ പ്രധാനമന്ത്രിയുടെ അമ്മയെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആക്ഷേപിച്ചെന്ന് പരാതി. രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ സംസ്കാരമാണ് കണ്ടതെന്നും എല്ലാ അതിരുകളും ലംഘിച്ചെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
വോട്ടര്‍ അധികാര്‍ യാത്രയ്ക്കായി ദര്‍ഭംഗയില്‍ തയാറാക്കിയ വേദിയിലായിരുന്നു കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്‍റെ അധിക്ഷേപം. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ഈ സമയം സ്ഥലത്ത് എത്തിയിരുന്നില്ല. നിരവധി പ്രാദേശിക നേതാക്കള്‍ സ്റ്റേജില്‍ ഉണ്ടായിരുന്നതിനാല്‍ ആരാണ് അധിക്ഷേപം നടത്തിയതെന്ന് വ്യക്തമല്ല. രാഹുല്‍ ഗാന്ധിയുടെ പാതയാണ് നേതാക്കള്‍ പിന്തുടരുന്നതെന്നും കഴിഞ്ഞ 10 വര്‍ഷമായി രാഹുല്‍ മോദിക്കെതിരെ വ്യക്തി അധിക്ഷേപം തുടരുകയാണെന്നും ബി.ജെ.പി. വക്താവ് സംപിത് പാത്ര പറഞ്ഞു.
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്നും ബിഹാര്‍ ജനത ഇത്തരം പരാമര്‍ശങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ജെ.ഡി.യു നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജന്‍ സിങ്ങും പ്രതികരിച്ചു. കേന്ദ്രമന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഒറ്റക്കെട്ടായി പരാമര്‍ശത്തെ അപലപിച്ചു. വിവാദമായതോടെ സംഘാടകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നൗഷാദ് ക്ഷമാപണം നടത്തി. അധിക്ഷേപ മുദ്രാവാക്യം മുഴക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു. കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.