റോഡില്‍ അപകടകരമാം വിധം വാഹനം ഓടിച്ച് റീല്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലാണ് യുവാവിന്‍റെ സാഹസം അറസ്റ്റില്‍ കലാശിച്ചത്. എൻ.എച്ച് 9-ൽ ബാഗ്പത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്. വണ്ടിക്ക് മുകളില്‍ കയറിയുളള യുവാവിന്‍റെ സാഹസിക അഭ്യാസത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഓടിക്കൊണ്ടിരിക്കുന്ന സ്കോര്‍പ്പിയോയുടെ ഡ്രൈവിങ് സീറ്റില്‍ നിന്ന് സാഹസികമായി ബോണറ്റിലേക്ക് കയറുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിലുളളത്. ബോണറ്റില്‍ നിന്ന് വാഹനത്തിന്‍റെ റൂഫിലേക്ക് കയറിയ ശേഷം കാഴ്ച ആസ്വദിച്ചുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയമെല്ലാം വാഹനം ഓടിക്കൊണ്ടിരിക്കുകയാണ്. എതിര്‍ ദിശയില്‍ നിന്ന് പെട്ടെന്നൊരു വാഹനം വന്നാല്‍ നിയന്ത്രിക്കാന്‍ മറ്റാരും വാഹനത്തിലില്ല എന്നും ദൃശ്യങ്ങളില്‍ വ്യക്തം.
വിഡിയോ വൈറലായതോടെ യുവാവ് പൊലീസ് പിടിയിലായി. റീല്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 30,500 രൂപ വാഹനത്തിന്‍റെ ഉടമയ്ക്ക് പിഴയിട്ട എംവിഡി യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരുമാസം മുന്‍പ് മഹാരാഷ്ട്രയിലും സമാനസംഭവമുണ്ടായി. കാറിലിരുന്ന് റീല്‍ ചിത്രീകരിക്കവേ കാറ്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. റീലുകള്‍ ചിത്രീകരിക്കാന്‍ യുവാക്കള്‍ ഇത്തരം സാഹസത്തിന് മുതിരുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.