serial-fraud

TOPICS COVERED

ടിവി സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ദമ്പതികളെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. ഡല്‍ഹി സൗത്ത്– വെസ്റ്റ് ജില്ലയിലാണ് സംഭവം. പ്രതികളായ തരുണ്‍ ശര്‍മയും ആശാ സിങും പ്രമുഖ ചാനലുകളിലെയും ഒടിടി പ്ലാറ്റ്ഫോമുകളിലെയും സീരിയലുകളുടെ സംവിധായകരും നിര്‍മാതാക്കളും ആയി വേഷമിട്ടാണ് ആളുകളെ കബളിപ്പിച്ചത്. യുട്യൂബ് വിഡിയോകള്‍ നോക്കിയാണ് തട്ടിപ്പിനുള്ള രീതി ഇവര്‍ രൂപീകരിച്ചത്. നിരവധി പേരെ കബളിപ്പിച്ച പ്രതികള്‍ രാജ്യത്തുടനീളമുള്ള ആഡംബരഹോട്ടലുകളില്‍ ആയിരുന്നു താമസിച്ചിരുന്നത്. 

മോഡലിങിലും അഭിനയത്തിലും താല്‍പര്യമുള്ള ഒരു വിദ്യാര്‍ഥിനിയുടെ അഭിനയമോഹമാണ് തട്ടിപ്പ് പുറംലോകമറിയാന്‍ കാരണമായത്. വിദ്യാര്‍ഥിനി സീരിയലില്‍ അഭിനയിപ്പിക്കാന്‍ ഒരവസരം തിരയുകയായിരുന്നു. ഫെയ്സ്ബുക്കില്‍ നിന്നും പ്രമുഖ ചാനലുകളിലേക്കുള്ള പുതിയ സീരിയലിനായി അഭിനേതാക്കളെ തിരയുന്നു എന്ന പരസ്യം ഇവര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് പരസ്യത്തിലെ നമ്പറില്‍ ബന്ധപ്പെട്ട പെണ്‍കുട്ടിയോട് താന്‍ പ്രമുഖ സീരിയലിന്‍റെ കാസ്റ്റിങ് ഡയറക്ടറാണെന്നും പോര്‍ട്ട് ഫോളിയോ അയച്ചു നല്‍കണമെന്നും ഒരാള്‍ അറിയിച്ചു. തുര്‍ന്ന് പോര്‍ട്ട്ഫോളിയോ അയച്ച പെണ്‍കുട്ടിയോട് സീരിയലിന്‍റെ സംവിധായകന്‍ എന്ന പേരില്‍ ഇയാള്‍ മറ്റൊരു നമ്പര്‍ കൈമാറി. തുടര്‍ന്ന് ഇവര്‍ക്ക് സംവിധായകന്‍ റോള്‍ വാഗ്ദാനം ചെയ്യുകയും 24 ലക്ഷം സെക്യൂരിറ്റി എന്ന നിലയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി ഈ പണം സംവിധായകന്‍ നല്‍കിയ അക്കൗണ്ടിലേക്ക് മാറ്റി. എന്നാല്‍ പണം അക്കൗണ്ടിലെത്തിയ ഉടനെ ഇവര്‍ പെണ്‍കുട്ടിയെ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 

ഡിജിറ്റില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് ഇവരെ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ചു. കേരളം, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ആഡംഭര ഹോട്ടലുകളില്‍ നിന്നാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നും ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഏഴ് സ്മാര്‍ട്ട്ഫോണുകളും പത്ത് സിമ്മുകളും, 15 അക്കൗണ്ടുകളുമാണ് ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. 

ENGLISH SUMMARY:

Delhi Police have arrested a couple, Tarun Sharma and Asha Singh, for running a scam by promising roles in TV serials. The duo, who learned their methods from YouTube videos, posed as directors and producers from major TV channels and OTT platforms. They lived in luxury hotels across India while defrauding multiple aspiring actors.