TOPICS COVERED

പ്രണയത്തിനായി നിങ്ങള്‍ എന്ത് ചെയ്യും. 'എന്തും ചെയ്യും, ഞാന്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കും, മരിക്കാന്‍ വരെ തയ്യാറാണ്' എന്നെല്ലാം മറുപടി ലഭിച്ചേക്കാം. എന്നാല്‍ ഒരു അഞ്ഞൂറ് പുഷ് അപ്പ് എടുക്കാന്‍ തയ്യാറാണോ... അഞ്ഞൂറ് പുഷ് അപ്പ് എടുത്താലേ പ്രണയം നടക്കൂ എന്ന് പറഞ്ഞാല്‍ അഞ്ഞൂറ് പുഷ് അപ്പ് എടുത്ത് ആ പ്രണയം സഫലമാക്കാന്‍ ഉള്ള കെല്‍പ്പ് നിങ്ങള്‍ക്കുണ്ടോ.. പത്ത് പുഷ് അപ്പ് കഴിഞ്ഞാല്‍ തളര്‍ന്നുവീഴും മിക്കവരും. എന്നാല്‍ തന്‍റെ പ്രണയത്തിനായി അഞ്ഞൂറ് പുഷ് അപ്പുകള്‍ എടുത്ത ഒരു സൈനികന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങായിക്കൊണ്ടിരിക്കുന്നത്. 

 2001ലാണ് സംഭവം. ചെന്നൈയില്‍ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ചേര്‍ന്ന ധരംവീര്‍ സിങ് എന്ന ചെറുപ്പക്കാരന് ഒരു പ്രണയമുണ്ടായിരുന്നു. സൈന്യത്തില്‍ ചേരും മുന്‍പ് തുടങ്ങിയ പ്രണയം എന്നാല്‍ സൈന്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ തുടരുന്നത് ക്ലേശകരമായിരുന്നു. പഞ്ചാബിലെ കാമുകിക്ക് ചെന്നൈയിലെ കാമുകനെ കാണാനാവില്ലല്ലോ.. എന്നാല്‍ ഇരുവരുടെയും പ്രണയം അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു. ട്രെയിനിങ് ക്യാപിന് പോകും മുന്‍പ് ധരംവീര്‍ തന്‍റെ കാമുകി താക്കൂറൈനോട് തനിക്കായി കത്തുകളെഴുതാന്‍ ആവശ്യപ്പെട്ടു. 

ട്രെയിനിങിനെത്തിയ ധരംവീറിന് പക്ഷെ പിന്നീടാണ് തന്‍റെ പ്രണയസാഫല്യത്തിലെ ഏറ്റവും വലിയ കടമ്പ കുടുംബമോ സാമ്പത്തിക പ്രശ്നങ്ങളോ അല്ലായിരിക്കും എന്ന് മനസിലായത്. അന്നത്തെ കാലത്ത് മുതിര്‍ന്ന റാങ്കിലുള്ള സൈനികരായിരുന്നു കത്തുകള്‍ കൈമാറാന്‍ നിയോഗിക്കപ്പെട്ടിരുന്നവര്‍. ഓരോ കത്തിനും അതിലെ വരികളുടെ നീളം അനുസരിച്ച് പുഷ് അപ്പ് എടുത്താല്‍ മാത്രമേ കൈമാറൂ എന്നൊരു അലിഖിത നിയമം ചെന്നൈ ട്രെയിനിങ് ക്യാപില്‍ ഉണ്ടായിരുന്നു. 

ചുരുങ്ങിയത് നൂറ് പുഷ് അപ്പ് എടുത്താലെ ഒരു കത്ത് കെഡേറ്റിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നുള്ളു. പതിവുപോലെ കത്തുകള്‍ വാങ്ങാനുള്ള ദിനമെത്തി. കെഡേറ്റുകള്‍ വരിവരിയായി നിന്നു. ഓരോരുത്തരും നൂറ് പുഷ് അപ്പുകള്‍ ചെയ്ത് കത്ത് വാങ്ങിപ്പോയി. ചിലര്‍ പരാജയപ്പെട്ടു. ധരംസിങിന്‍റെ ഊഴമെത്തി. എന്നാല്‍ കത്തിന്‍റെ നീളം കണ്ട ധരംസിങ് ഞെട്ടി. അഞ്ഞൂറ് പ്രണയാതുരമായ വരികളാണ് കാമുകി ധരംസിങിനായി കുറിച്ചിട്ടിരുന്നത്.  എന്നാല്‍ ആ ഞെട്ടല്‍ പ്രണയത്തിന്‍റെ മുന്നില്‍ ഒന്നുമല്ലായിരുന്നു. ധരംസിങ് പുഷ് അപ്പ് തുടങ്ങി. കിതച്ചും വിയര്‍ത്തും തളര്‍ന്നും അയാള്‍ പുഷ് അപ്പുകള്‍ എടുക്കാന്‍ തുടങ്ങി. ധരംസിങിന്‍റെ പരിശ്രമം കണ്ട് മറ്റ് കെഡേറ്റുകള്‍ അയാളെ പ്രോല്‍സാഹിപ്പിക്കാന്‍ തുടങ്ങി. സീനിയര്‍ ഉദ്യോഗസ്ഥനും ധരംസിങിന്‍റെ അധ്വാനത്തിലും ദൃഢനിശ്ചയത്തിലും മതിപ്പ് തോന്നി നോക്കിനിന്നു. 

497, 498,499,500 അയാള്‍ തളര്‍ന്ന് വീണു. അഞ്ഞൂറ് പുഷ് അപ്പുകള്‍ എടുത്ത ധരംസിങിനെ സുഹൃത്തുക്കള്‍ എടുത്തുപൊക്കി. അഭിമാനത്തോടെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ധരംസിങിന് കത്ത് നീട്ടി. വിറായര്‍ന്ന വിയര്‍ത്തൊഴുകിയ കൈകളാല്‍ ധരംവീര്‍സിങ് അത് വാങ്ങി. 

ഇന്ന് ധരംവീര്‍ സിങ് ക്യാപ്റ്റന്‍ ധരംവീര്‍ സിങ് ആണ്.  പണ്ടത്തെ കാമുകി ഇന്ന് പത്നിയും. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വിയര്‍പ്പൊഴുകി കുതിര്‍ന്ന മഷി ഇന്നും കാണാം. ഇതുവരെ 12 ലക്ഷത്തിലധികം ആളുകളാണ് ധരംവീര്‍ സിങിന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തത്. പ്രണയിക്കുന്നവര്‍ക്ക് പ്രോല്‍സാഹനമായി പോസ്റ്റ് വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. 

ENGLISH SUMMARY:

How much would you do for love? For one man, the answer was 500 push-ups. An old story of a soldier's dedication for his beloved has now gone viral on Instagram, winning the hearts of millions. In 2001, a young man named Dharamveer Singh joined the Officers' Training Academy in Chennai. He was in a long-distance relationship with his girlfriend, who lived in Punjab. Before leaving, he asked her to write him letters. Little did he know, he would have to go through a rigorous test to receive them.