പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഏഴ് വര്‍ഷം. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യുവരിച്ചത്. അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് മടങ്ങിയെത്തിയ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹം ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലൂടെ കടന്നുപോകുന്നു. ശ്രീനഗറിലേക്ക് പോകുംവഴി പുല്‍വാമയിലെ ലെത്പോറ എന്ന സ്ഥലത്തായിരുന്നു ഭീകരാക്രമണം. 

2019 ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് മൂന്നേകാലിന്, 200 കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുമായെത്തിയ ഭീകരന്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി. ഉഗ്രസ്ഫോടനം. എഴുപത്തിയാറാം സിആര്‍പിഎഫ് ബറ്റാലിയനിലെ 40 ജവാന്‍മാര്‍ക്ക് വീരവൃത്യു. കേരളത്തില്‍നിന്നുള്ള വി.വി.വസന്തകുമാറടക്കം 16 സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പുല്‍വാമയിലെ ധീരരക്തസാക്ഷികള്‍. പുല്‍വാമക്കാരന്‍ ആദില്‍ അഹമ്മദ് ദാര്‍ ആയിരുന്നു ചാവേര്‍. ജയ്ഷെ മുഹമ്മദ് ഭീകരനായിരന്നു ഇയാള്‍. പുല്‍വാമ ഭീകരാക്രമണമുണ്ടായി പന്ത്രണ്ടാംദിനം, ഫെബ്രുവരി 26ന് പുലര്‍ച്ചെ ഇന്ത്യ തിരിച്ചടിച്ചു. ജയ്ഷെ ഭീകരക്യംപുകള്‍ സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ബാലാകോട്ട് മലനിരകളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം.

മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ സംഘര്‍ഷാവസ്ഥ. വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21, ബൈസണ്‍ യുദ്ധവിമാനവും പാക്കിസ്ഥാന്‍റെ F-16 യുദ്ധവിമാനവും ആകാശ പോരാട്ടത്തിലേര്‍പ്പെട്ടു. അമേരിക്കന്‍ നിര്‍മിതമായ F-16നെ തോല്‍പ്പിച്ചെങ്കിലും അഭിനന്ദന്‍ പാക് പിടിയിലായി. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അഭിനന്ദനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസഹ്റടക്കം നാലുപേരെ ഇനിയും കണ്ടുകിട്ടാനുണ്ട്.

ENGLISH SUMMARY:

The Pulwama attack anniversary marks seven years since the horrific incident where 40 CRPF jawans were martyred. This significant event, orchestrated by Pakistan-based Jaish-e-Mohammed, led to a strong Indian response including the Balakot airstrike and the capture and subsequent release of Wing Commander Abhinandan Varthaman.