ഒാപ്പറേഷന്‍ സിന്ദൂറിനൊടുവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും അത്ര ശാന്തമല്ല ഇന്ത്യ –പാക് ബോര്‍ഡര്‍. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്‍റെ സാഹസങ്ങളാണ് പലപ്പോഴും  നിയന്ത്രണരേഖയെ സംഘര്‍ഷഭരിതമാക്കുന്നത് .  ഡ്രോണുകളാണ് ഇപ്പോഴത്തെ വില്ലന്‍ . നിരന്തരമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ പറത്തുന്നു . കഴിഞ്ഞ ഏതാനും ദിവസങ്ങളായി  ജമ്മു കശ്മീരിലെ പൂഞ്ച്, സാമ്പ സെക്ടറുകളിൽ പാക് ഡ്രോണുകൾ ഇരമ്പുകയാണ്.  ലൈറ്റുകള്‍ തെളിച്ച് താഴ്ന്ന് പറക്കുന്ന മിന്നാമിനുങ്ങുകളെ അുനുസ്മരിപ്പിക്കുന്ന ഇവ ചാവേര്‍ ഡ്രോണുകളല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. എന്തായാലും ഇന്ത്യന്‍ സൈന്യം അതീവജാഗ്രതയിലാണ്.

പ്രകോപനം എന്തിന്. ? ഓപ്പറേഷൻ സിന്ദൂറില്‍ നിന്ന് പാക്കിസ്ഥാന്‍ ഇനിയും പഠിച്ചില്ലേ?. എന്താണ് അയല്‍രാജ്യത്തിന്റെ ഉദ്ദേശം?. അതിര്‍ത്തിയില്‍ ഇന്ത്യയുടെ വിള്ളലുകളും ദൗര്‍ബല്യങ്ങളും കണ്ടെത്തുകയാണ് ശത്രുരാജ്യത്തിന്‍റെ  പ്രധാനലക്ഷ്യമെന്ന് പ്രതിരോധവിദഗ്ധര്‍ പറയുന്നു. എല്‍ഒസി മേഖലയിലെ സങ്കീര്‍ണമായ ഭൂപ്രകൃതി മറികടക്കാന്‍ ഡ്രോണുകളെ ആശ്രയിക്കുകയല്ലാതെ മാര്‍ഗമില്ല. കൂടാതെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഏതുതരം റഡാറുകളാണ് വിന്യസിച്ചിരിക്കുന്നതെന്നും തിരിച്ചടിയ്ക്കുന്നത് ഏതു വിധത്തിലായിരിക്കുമെന്നു  മുന്‍കൂട്ടി കാണുന്നതിനും ഈ ചെറു ഉപകരണത്തെ പാക്കിസ്ഥാന്‍ ആശ്രയിക്കുന്നു. നുഴഞ്ഞു കയറ്റത്തിന്റെ സാധ്യതകള്‍ തേടുകയാണ് മറ്റൊരു ലക്ഷ്യം.

ഡ്രോണ്‍ വഴി തോക്കുകളും ഗ്രനേഡുകളും താഴേക്കിട്ടതായും ഇന്ത്യന്‍ സൈനീകവൃത്തങ്ങള്‍ പറയുന്നു. പ്രദേശത്തെ സാധാരണക്കാരെ കയ്യിലെടുക്കാന്‍ ആയുധങ്ങളും ലഹരിയും ഡ്രോണ്‍ വഴി എത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.  ജനുവരിയിലെ മാത്രം കണക്കെടുത്താല്‍ അന്താരാഷ്ട്ര അതിർത്തിയില്‍ 10–12 ഡ്രോണുകളെങ്കിലും പാക്കിസ്ഥാന്‍ പറത്തിയിട്ടുണ്ട്.

ആന്റി-യുഎഎസ് തന്ത്രമൊരുക്കി ഇന്ത്യ

‌ആന്റി-യുഎഎസ്, എന്നു വച്ചാല്‍ ആന്റി-അൺമാൻഡ് ഏരിയൽ സിസ്റ്റം. പാക്കിസ്ഥാന്റെ കുതന്ത്രങ്ങള്‍ക്കു ഇന്ത്യന്‍ സൈന്യത്തിന്റെ മറുതന്ത്രം. ലളിതമായി പറഞ്ഞാല്‍ ഭീഷണി ഉയര്‍ത്തുന്ന ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കുന്ന ആകാശ സുരക്ഷാ കവചം.

Anti-UAS നാല് ഘട്ടങ്ങളായാണ് പ്രവർത്തിക്കുന്നത്. ആദ്യം റഡാർ, ആര്‍എഫ് സെൻസർ, താപ ക്യാമറ എന്നിവ ഉപയോഗിച്ച് എതിരാളികളുടെ ഡ്രോൺ കണ്ടെത്തും. പിന്നെ ഏതുതരത്തിലുള്ള ഡ്രോണ്‍ ആണെന്ന് തിരിച്ചറിയും.  ദിശയും വേഗതയും മനസിലാക്കും. ഒടുക്കം ഡ്രോണിനെ നിഷ്ക്രിയമാക്കും. ആന്റി യുഎഎസില്‍  രണ്ടു  തരത്തിലുള്ള പ്രതിരോധമുണ്ട്. ഒന്ന് സോഫ്റ്റ് കില്ലും മറ്റൊന്ന് ഹാര്‍ഡ് കില്ലും. സോഫ്റ്റ് കില്ലില്‍ ജിപിഎസ് ജാമിംഗ് വഴി ഡ്രോണിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. ഹാര്‍ഡ് കില്ലില്‍ ലേസർ, വെടിയുണ്ട, അല്ലെങ്കിൽ നെറ്റ് ഗൺ ഉപയോഗിച്ച് ഡ്രോണിനെ നശിപ്പിക്കും.

പാക്കിസ്ഥാന്റെ ലക്ഷ്യം എന്തുതന്നെയായാലും അവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നു കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറ‌ഞ്ഞു കഴിഞ്ഞു. അതിര്‍ത്തിയിലെ പാക് ഡ്രോണുകളെയെല്ലാം ആധുനിക ആന്റി-അൺമാൻഡ് ഏരിയൽ സിസ്റ്റത്തിലൂടെ വെടിവച്ചിട്ടതായി കരസേനാ മേധാവി പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ചെറിയൊരു നീക്കത്തിനു പോലും അതിശക്തമായ തിരിച്ചടി ഉണ്ടാകും. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നു കൂടി ഇന്ത്യന്‍ കരസേനാ മേധാവി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നു

ENGLISH SUMMARY:

Indian Army is actively countering Pakistan's drone incursions along the LoC. The army employs Anti-UAS systems to detect and neutralize these threats, ensuring border security and readiness for any potential escalations.