മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് അസം പൊലീസ്. ഡിജിറ്റൽ മാധ്യമമായ 'ദി വയറി'ന്റെ ഉടമകളായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഇരുവരോടും ഓഗസ്റ്റ് 22 ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഗുവാഹത്തി പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.
നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്നാണ് പിടിഐ പുറത്തുവിട്ട സമന്‍സിന്‍റെ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം കേസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് അയച്ചത്. ഓഗസ്റ്റ് 14 നാണ് സിദ്ധാര്‍ഥ് വരദരാജന് സമന്‍സ് ലഭിച്ചത്. ഓഗസ്റ്റ് 18നാണ് കരണ്‍ ഥാപ്പര്‍ക്ക് സമന്‍സ് ലഭിക്കുന്നത്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റിന് സാധ്യതയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഭാരതീയ ന്യായ സംഹിത 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികളെയാണ് 152ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.