ഇന്ത്യ വിഭജനത്തിന് കോണ്‍ഗ്രസ് ഉത്തരവാദിയെന്ന് പറയുന്ന എന്‍.സി.ഇ.ആര്‍.ടി മൊഡ്യൂളില്‍ വിവാദം പുകയുന്നു. രേഖ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും കത്തിച്ചുകളയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വസ്തുതകളില്‍നിന്ന് ഒളിച്ചോടാനാവില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു.
ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അധിക പഠനത്തിനായി NCERT തയാറാക്കിയ മൊഡ്യൂളിലാണ് വിവാദഭാഗങ്ങള്‍ ഉള്ളത്. കോണ്‍ഗ്രസും മുഹമ്മദലി ജിന്നയും മൗണ്ട് ബാറ്റണുമാണ് ഇന്ത്യ വിഭജനത്തിന് ഉത്തരവാദികള്‍ എന്ന് പാഠഭാഗത്തില്‍ പറയുന്നു. എന്നാല്‍ ഹിന്ദു മഹാസഭയും മുസ്‌ലിംലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വിഭജനത്തിന് പിന്നിലെന്നും പാഠഭാഗം കത്തിച്ചു കളയണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
വിഭജനം അംഗീകരിച്ചത് രാജ്യത്തെ ചുട്ടെരിക്കുന്നതിന് തുല്യമായിരുന്നുവെന്ന് ബി.ജെ.പി തിരിച്ചടിച്ചു. ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. എത്രത്തോളം ഭീകരമായിരുന്നു സാഹചര്യമെന്ന് കുട്ടികള്‍ മനസിലാക്കണമെന്നും പാര്‍ട്ടി വക്താവ് സയിദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ മൊഡ്യൂളിന്റെ തുടക്കത്തിൽ ചേർത്തിട്ടുണ്ട്.