തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ണായക വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് മൂന്നുമണിക്ക്. വോട്ട് കൊള്ളയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് ശേഷം ആദ്യമായാണ് കമ്മിഷന്‍ മാധ്യമങ്ങളെ കാണുന്നത്. ക്രമക്കേടുകള്‍ സംബന്ധിച്ചും ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണം സംബന്ധിച്ചും ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയേക്കും. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സാധ്യതയുണ്ട്. ഒക്ടോബറിലോ നവംബറിലോ തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. വോട്ട് കൊള്ളയ്ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ഇന്ന് ബിഹാറില്‍ വോട്ട് അധികാര്‍ യാത്ര തുടങ്ങാനിരിക്കെയാണ് കമ്മിഷന്‍റെ വാര്‍ത്താസമ്മേളനം എന്നതും ശ്രദ്ധേയമാണ്.
നേരത്തെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ശരിയായ സമയത്ത് പരാതി ഉന്നയിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മറുപടി. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടികള്‍ക്ക് വോട്ടര്‍ പട്ടിക കൈമാറുന്നുണ്ട്. പരാതി അറിയിക്കാന്‍ സമയവും അനുവദിക്കുന്നു. പരാതിപ്പെടേണ്ട സമയത്ത് അറിയിച്ചാല്‍ തിരുത്താം. പല പാര്‍ട്ടികളും അങ്ങനെ ചെയ്യുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുകയുണ്ടായി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസര്‍മാരാണ് വോട്ടർ പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നത്. ഈ ഉദ്യോഗസ്ഥർക്കാണ് പട്ടികയിൽ തിരുത്തൽ വരുത്താനുള്ള ഉത്തരവാദിത്തം. കരട് വോട്ടർ പട്ടികയുടെ പകര്‍പ്പുകള്‍ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പങ്കിടുമെന്നും എല്ലാവര്‍ക്കും കാണുന്നതിനായി വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുമെന്നും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. എതിർപ്പുകളോ പരാതികളോ ഉണ്ടെങ്കില്‍ അവ സമര്‍പ്പിക്കുന്നതിന് ഒരു മാസത്തെ സമയം നൽകുമെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.
ഓഗസ്റ്റ് 7 ന് നടന്ന പത്രസമ്മേളനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയാണിതെന്നും ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ എത്താൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, വോട്ട് കൊള്ളക്കെതിരായ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രക്ക് ഇന്ന് തുടക്കമാകും. വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ 65 ലക്ഷം പേർ പുറത്താക്കപ്പെട്ട ബീഹാറിലൂടെയാണ് യാത്ര.