rahul-gandhi-election-commission

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ശരിയായ സമയത്ത് പരാതി ഉന്നയിക്കണമെന്നാണ് കമ്മിഷന്റെ മറുപടി. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടികള്‍ക്ക് വോട്ടര്‍ പട്ടിക കൈമാറുന്നുണ്ട്. പരാതി അറിയിക്കാന്‍ സമയവും അനുവദിക്കുന്നു. പരാതിപ്പെടേണ്ട സമയത്ത് അറിയിച്ചാല്‍ തിരുത്താം. പല പാര്‍ട്ടികളും അങ്ങനെ ചെയ്യുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. നാളെ ഉച്ചകഴി‍ഞ്ഞ് മൂന്നിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസര്‍മാരാണ് വോട്ടർ പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നത്. ഈ ഉദ്യോഗസ്ഥർക്കാണ് പട്ടികയിൽ തിരുത്തൽ വരുത്താനുള്ള ഉത്തരവാദിത്തം. കരട് വോട്ടർ പട്ടികയുടെ പകര്‍പ്പുകള്‍ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പങ്കിടുമെന്നും എല്ലാവര്‍ക്കും കാണുന്നതിനായി വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുമെന്നും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. എതിർപ്പുകളോ പരാതികളോ ഉണ്ടെങ്കില്‍‌ അവ സമര്‍പ്പിക്കുന്നതിന് ഒരു മാസത്തെ സമയം നൽകുമെന്നും കമ്മിഷന്‍ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലും പകർപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാറുണ്ട്. പരാതിയുണ്ടെങ്കിൽ കമ്മിഷനും കലക്ടർക്കും അപ്പീൽ നൽകാം. എതിർപ്പുള്ള പാർട്ടികൾ ‘ശരിയായ സമയത്ത് ശരിയായ മാർഗങ്ങളിലൂടെ’ എതിര്‍പ്പ് വ്യക്തമാക്കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്.

മുൻപുള്ള വോട്ടർപട്ടിക സംബന്ധിച്ചാണ് ഇപ്പോൾ ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ആരോപണം ഉന്നയിക്കുന്നതെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കാനാണ് വോട്ടർപട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. അതേസമയം, പട്ടിക സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നതായും കമ്മിഷൻ പറഞ്ഞു.

ഓഗസ്റ്റ് 7 ന് നടന്ന പത്രസമ്മേളനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയാണിതെന്നും ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ എത്താൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, വോട്ട് കൊള്ളക്കെതിരായ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രക്ക് നാളെ തുടക്കമാകും. വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ 65 ലക്ഷം പേർ പുറത്താക്കപ്പെട്ട ബീഹാറിലൂടെയാണ് യാത്ര.

ENGLISH SUMMARY:

Election Commission addresses voter list irregularity allegations. The commission emphasizes raising complaints at the appropriate time, as voter lists are shared with parties before elections and time is allocated for addressing concerns.