പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ 2025 ലെ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍. അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് വി.ഡി. പോയവര്‍ഷത്തെ വാര്‍ത്താതാരമായത്. പ്രേക്ഷകപിന്തുണ ആവേശഭരിതനാക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. എഴുത്തുകാരന്‍ എന്‍.എസ്‍. മാധവനാണ് ഫലപ്രഖ്യാപനം നടത്തിയത്.
അന്തിമപട്ടികയിലെത്തിയ നാലുപേരില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയാണ് വി.ഡി. സതീശന്‍ പോയവര്‍ഷത്തെ വാര്‍ത്തയുടെ തലപ്പാവണിഞ്ഞത്. വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ല, പിറകെ വരികയായിരുന്നുവെന്നും പുരസ്കാരത്തില്‍ വലിയ സന്തോഷമുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ നിലപാടാണ് താന്‍ മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളുടെ ദുരിതമകറ്റാന്‍ കൂട്ടായ ശ്രമം നടത്തുന്നുണ്ട്. അതിനുകിട്ടിയ അംഗീകാരം കൂടിയാണ് മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ജനങ്ങളുടെ യുക്തമായ തിരഞ്ഞെടുപ്പാണ് വി.ഡി. സതീശനെന്ന് എന്‍.എസ്‍. മാധവന്‍ അഭിപ്രായപ്പെട്ടു.
കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ന്യൂസ് മേക്കര്‍ പരിപാടിയുടെ ഫലപ്രഖ്യാപനത്തില്‍ രാഷ്ട്രീയ നിരീക്ഷകനും മുന്‍ എം.പിയുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍, മനോരമ ന്യൂസ് ഡയറക്ടര്‍ ന്യൂസ് ജോണി ലൂക്കോസ് എന്നിവരും പങ്കെടുത്തു.
അതേസമയം, സ്വര്‍ണക്കൊള്ളക്കേസില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അടൂര്‍ പ്രകാശ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഒരാള്‍ക്കുപോലും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബന്ധമില്ലെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2025 ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സതീശന്‍.